ലോക്‌സഭാ തിരഞ്ഞെടുപ്പ്, ബിജെപിയെ ലക്ഷ്യമിട്ട് ഇസ്രായേൽ സ്ഥാപനം; വിവരങ്ങൾ പുറത്തുവിട്ട് ഓപ്പൺ എഐ

Saturday 01 June 2024 12:17 PM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എഐ ഉപയോഗിച്ചതായി ഓപ്പൺ എഐയുടെ സൃഷ്ടാക്കളായ ചാറ്റ് ജിപിടി. 'സീറോ സിനോ' എന്ന പേരിലറിയപ്പെടുന്ന ഈ ക്യാമ്പെയിൻ നടത്തിയത് എസ് ടി ഒ ഐ സി എന്ന സ്ഥാപനമാണ്. ഇസ്രായേൽ ആസ്ഥാനമായി പ്രവർ‌ത്തിക്കുന്ന രാഷ്ട്രീയ പ്രചാരണ മാനേജ്‌മെന്റ് സ്ഥാപനമാണിത്.

ഭരണകക്ഷിയായ ബിജെപിയെ വിമർശിക്കുകയും കോൺഗ്രസിനെ പ്രശംസിക്കുകയും ചെയ്യുന്ന കമന്റുകൾ, ലേഖനങ്ങൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവ സൃഷ്ടിക്കുന്നതിനായാണ് എഐ ഉപയോഗിച്ചതെന്ന് ഓപ്പൺ എഐ വ്യക്തമാക്കി. മേയിലാണ് ഇത്തരം കമന്റുകൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടത്. ഭരണകക്ഷിയായ ബിജെപിയെ വിമർശിക്കുകയും കോൺഗ്രസിനെ പുകഴ്‌ത്തുകയുമാണ് ചെയ്തിരുന്നത്. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽതന്നെ ഇവ തടസപ്പെടുത്തിയതായും ഓപ്പൺ എ ഐ വ്യക്തമാക്കി.

എക്‌സ്, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, മറ്റ് വെബ്‌സൈറ്റുകൾ എന്നിവയിലൂടെ എഐ ഉപയോഗിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച ഒരുകൂട്ടം അക്കൗണ്ടുകൾ നിരോധിച്ചതായും ഓപ്പൺ എഐ വ്യക്തമാക്കി. ഇംഗ്ളീഷ് ഉള്ളടക്കങ്ങളാണ് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.

ജനാധിപത്യത്തിനുമേലുള്ള വലിയ ഭീഷണിയാണിതെന്ന് ഓപ്പൺ എഐ റിപ്പോർട്ടിൽ ബിജെപി പ്രതികരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisement
Advertisement