സഞ്ജു ടെക്കിയുടെ കുരുക്ക് മുറുകുന്നു, ടാറ്റാ  സഫാരി  കാർ  പൊലീസ്  കസ്റ്റ‌ഡിയിലേക്ക് മാറ്റാൻ തീരുമാനം

Saturday 01 June 2024 2:24 PM IST

ആലപ്പുഴ:കാറിനുളളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുളള യാത്ര നടത്തിയ യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുക്കാൻ തീരുമാനം. സഞ്ജുവിന്റെ ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റ‌ഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിയിലേക്ക് കൈമാറുമെന്നും ആർടിഒ അറിയിച്ചു. കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്‌മെന്റ് ആർടിഒ ഉച്ചയ്ക്ക് കൈമാറും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി.

ആർടിഒയുടെ കസ്റ്റഡിയിലുള്ള കാർ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാർ പൊലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കുന്നത്.

നിലവിൽ യൂട്യൂബർക്കെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ റിപ്പോർട്ട് ഇന്ന് നൽകിയത്. വിവാദത്തിലായതോടെ ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും പത്ത് ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവർക്കും നന്ദിയുണ്ടെന്നായിരുന്നു വീഡിയോയിൽ സഞ്ജു പറഞ്ഞിരുന്നത്.

കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.

Advertisement
Advertisement