കേരളത്തിൽ വീണ്ടും 'എയ്ഡ്സ് കാരിയർ', ഇരകളിൽ യുവതികളും? പിന്നിൽ വിദേശിയുടെ കരങ്ങൾ

Tuesday 23 July 2019 4:12 PM IST

കൊച്ചി: എയ്ഡ്സ് കാരിയറായ മാരക ലഹരി ബ്രൂപ്രിനോർഫിൻ ആംപ്യൂളിന്റെ സാന്നിദ്ധ്യം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തൽ. ബ്രൂപ്രിനോർഫിൻ ആംപ്യൂളുമായി കഴിഞ്ഞ ദിവസം നെടുമ്പാശേരി സ്വദേശി അറസ്റ്റിലായതിന് പിന്നാലെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. അരക്കോടി രൂപ വിലവരുന്ന ആംപ്യൂളുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളൂരുവിൽ നിന്നാണ് ഇവ എത്തിക്കുന്നത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകൾ ശരീരത്തിൽ കുത്തിവയ്ക്കുന്നതുകൊണ്ട് ഈ ഇനത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും എച്ച്.ഐ.വി ബാധിതരായെന്ന വിലയിരുത്തലുണ്ടായിരുന്നു. നിരന്തര പരിശോധനയും അന്വേഷണവും നടത്തി സർക്കാർ ഇടപെടലിലൂടെയാണ് ഇവയുടെ കടത്ത് പൂർണമായും തടഞ്ഞത്.

കാൻസർ രോഗികൾ പോലെയുള്ളവർക്ക് അത്യാവശ്യം വേദന സംഹാരിയായി നൽകി വരുന്ന വീര്യം കൂടിയ മയക്കുമരുന്നാണ് ബ്രൂപ്രിനോർഫിൻ. കൊച്ചിയിലെ എച്ച്.ഐ.വി ബാധിതരിൽ ഭൂരിഭാഗം വരുന്ന ആളുകൾക്ക് എയ്ഡ്‌സ് രോഗം പടരാൻ ഇടയായത് ബ്രൂപ്രിനോർഫിൻ ആംപ്യൂളിന്റെ ഉപയോഗം മൂലമാണ്. 2014 ആഗസ്റ്റിലാണ് വലിയ അളവിൽ ബ്രൂപ്രിനോർഫിൻ പിടികൂടിയത്. 75 ആംപ്യൂളുകളാണ് അന്ന് പിടികൂടിയത്. ഇതിന് ശേഷമാണ് എക്സൈസ് നടപടികൾ കടുപ്പിച്ചത്. എന്നാൽ, ഇത് വീണ്ടും എത്തിത്തുടങ്ങിയതാണ് എക്സൈസിനെ ഞെട്ടിച്ചത്. അതിനാൽ, വളരെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് എക്സൈസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഇരകളിൽ യുവതികളും?

ഒറ്റത്തവണ ബ്രൂപ്രിനോർഫിൻ കുത്തിവച്ചാൽ മണിക്കൂറുകളോളം ഉന്മാദത്തിൽ കഴിയാമെന്നതാണ് യുവാക്കളെ ഇതിലേക്ക് അടുപ്പിക്കുന്നത്. അതേസമയം,​ ബ്രൂപ്രിനോർഫിൻ ഉപയോഗിക്കുന്ന യുവതികളും ധാരാളമുണ്ടെന്ന് എക്‌സൈസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ നെടുമ്പാശേരി സ്വദേശിക്ക് ലഹരി കൈമാറിയത് സുഹൃത്തായ യുവതിയായിരുന്നു എന്നതാണ് സംശയം ശക്തമാകാൻ കാരണം. ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്നും യഥേഷ്ടം ആംപ്യൂളുകൾ കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, ഇവിടത്തെ ഫാർമസ്യൂട്ടിക്കലുകളിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള ആംപ്യൂൾ കടത്ത് നിലച്ചു. കൂടാതെ അനധികൃതമായി ഒരു ആംപ്യൂൾ കൈവശം വച്ചാൽ 10 വർഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂൾ ഉപയോക്താക്കൾക്കിടയിൽ ഭയം ഉളവാക്കിയിരുന്നു. ആംപ്യൂളുകളുടെ വരവ് പൂർണമായും നിലച്ചു എന്ന് കരുതിയിരുന്ന അവസരത്തിലാണ് ഇത്രയേറെ ആംപ്യൂളുകൾ പിടിച്ചെടുത്തത്.

പിന്നിൽ വിദേശി

ബംഗളൂരുവിൽ താമസിക്കുന്ന ഒരു വിദേശിയാണ് ഇത്തരം ലഹരി കേരളത്തിലേക്ക് കടത്തുന്നതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. യുവതി ലഹരി വാങ്ങിയതും ഇയാളിൽ നിന്നാണത്രേ. എന്നാൽ,​ ഇരുവരെയും പിടികൂടാൻ എക്സൈസിന് സാധിച്ചിട്ടില്ല. അതേസമയം,​ ബംഗളൂരുവിലേക്ക് അന്വേഷണം നീട്ടിയേക്കുമെന്നാണ് സൂചന. നിലവിൽ,​ ലഹരിമരുന്നിന്റെ കടത്ത് തടയാനുള്ള നീക്കമാണ് എക്സൈസ് നടത്തുന്നത്.