മറ്റൊരാളെ വിവാഹം കഴിക്കാനാണെങ്കിൽ തന്നെ കൊന്നിട്ടു പോകണമെന്ന് സുനിത; ഇതായിരുന്നു കാമുകനായ രാജേഷിന്റെ മറുപടി

Saturday 01 June 2024 4:35 PM IST

മാവേലിക്കര : വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ സ്വന്തംവീടിന്റെ കഴുക്കോലിൽ കെട്ടിത്തൂക്കിക്കൊന്ന പ്രതിയെ ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളിൽ വീട്ടിൽ സുനിതയെ (26) കൊലപ്പെടുത്തിയ കേസിൽ വെട്ടുവേനി താമരശേരിൽ കിഴക്കതിൽ വീട്ടിൽ രാജേഷിനെയാണ് (42) മാവേലിക്കര അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി കെ.എൻ.അജിത്ത്കുമാർ ശിക്ഷിച്ചത്.

2013 ജൂൺ 18ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും പ്രണയത്തിലായിരുന്നു. ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് സുനിത ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ താമസമായി.

ദിവസവും രാത്രിയിൽ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടിൽ സുനിത എത്തുമായിരുന്നു. ഗർഭിണിയായതോടെ രാജേഷിന്റെ നിർബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി.

'ഇന്ന് വാ നിന്നെ കൊന്നു തന്നേക്കാം'

ഗർഭഛിദ്രത്തിനു ശേഷം വിവാഹത്തിനായി രാജേഷിനെ സുനിത നിർബന്ധിക്കാൻ തുടങ്ങി. ഓരോകാരണങ്ങൾ പറഞ്ഞ് രാജേഷ് ഒഴിഞ്ഞു മാറിയതോടെ ഇരുവരും തർക്കത്തിലായി. മറ്റൊരാളെ വിവാഹം കഴിക്കാനാണെങ്കിൽ തന്നെ കൊന്നിട്ടു പോകണം എന്ന് സുനിത രാജേഷിനോട് പറഞ്ഞു.

'ഇന്ന് വാ നിന്നെ കൊന്നു തന്നേക്കാം' എന്ന് പറഞ്ഞ രാജേഷ് 2013 ജൂൺ 18ന് രാത്രിയിൽ തന്റെ വീട്ടിലെത്തിയ സുനിതയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചു. ബോധരഹിതയായ സുനിതയെ ഷാൾ ഉപയോഗിച്ച് വീടിന്റെ കഴുക്കോലിൽ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം തൊട്ടുടുത്തു തന്നെയുള്ള സുനിതയുടെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുപോയി കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. എന്നാൽ മുന്നൂറു മീറ്റർ എത്തിയപ്പോഴേക്കും കുഴഞ്ഞ രാജേഷ് സമീപത്തെ വെട്ടുവേനി ബഥേനിയേൽ വീട്ടിൽ കുഞ്ഞുമോന്റെ വീടിന്റെ സിറ്റൗട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. ആദ്യദിനം തന്നെ കസ്റ്റഡിയിലായ രാജേഷ് നാല് ദിവസങ്ങൾക്ക് ശേഷമാണ് കുറ്റം സമ്മതിച്ചത്.

22 സാക്ഷികളെയും 29 രേഖകളും, 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, അഭിഭാഷകനായ സരുൺ.കെ.ഇടിക്കുള എന്നിവർ ഹാജരായി.

ശിക്ഷ ഇങ്ങനെ

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും, ആയുധമില്ലാതെയുള്ള ദേഹോദ്രവം ഏൽപ്പിക്കൽ കുറ്റത്തിന് മൂന്ന് മാസം തടവ്, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഏൽപ്പിക്കലിന് ഒരു വർഷം തടവ്, തെളിവു നശിപ്പിക്കലിന് രണ്ട് വർഷം തടവ് എന്നിവയാണ് ചുമത്തിയിട്ടുള്ളത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകൾക്ക് നൽകണമെന്നും വിധിയിലുണ്ട്

Advertisement
Advertisement