ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 295 സീറ്റ് നേടും; എക്‌സിറ്റ്  പോൾ  ചർച്ചകളിൽ കോൺഗ്രസ്  പങ്കെടുക്കുമെന്ന്  ഖാർഗെ 

Saturday 01 June 2024 6:38 PM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന തീരുമാനം കോൺഗ്രസ് പിൻവലിച്ചു. ഇന്ത്യാ മുന്നണിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

ചർച്ചയിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന് വിലയിരുത്തിയത്. സർക്കാർ സർവേയല്ല ഇത്. എൻഡിഎ 235 സീറ്റുകളിൽ കൂടുതൽ നേടില്ല. കൗണ്ടിംഗ് ദിനത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തർക്ക് കർശന നിർദേശം നൽകും. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെയാണ് സഖ്യം മുന്നോട്ട് പോകുന്നത്', ഖാർഗെ പറഞ്ഞു.

മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മമത മുൻകൂട്ടി അറിയിച്ചിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച് ടിആർ ബാലു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ ഖാർഗെ തന്നെയാണ് എക്സിൽ പങ്കുവച്ചത്.

.