ഭക്ഷ്യവിഷബാധ ആരോപിച്ച് പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

Sunday 02 June 2024 1:48 AM IST

ആലപ്പുഴ: ഭക്ഷ്യവിഷബാധ ആരോപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഹോട്ടൽ അടിച്ചുതകർത്തു. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന ഹോട്ടലാണ് ഇന്നലെ വൈകിട്ട് 5.15 ഓടെ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ ട്രാഫിക് സി.പി.ഒയായ ആലപ്പുഴ വാടയ്ക്കൽ സ്വദേശി കെ.ജെ.ജോസഫ് ബൈക്കിടിച്ച് കയറ്റിയ ശേഷം വാക്കത്തി കൊണ്ട് അടിച്ചു തകർത്തത്. ഈ ഹോട്ടലിൽ നിന്ന് മൂന്ന് ദിവസം മുമ്പ് ഭക്ഷണം കഴിച്ചതിനെ തുടർന്ന് തന്റെ കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു അക്രമം. കുട്ടി ആശുപത്രിയിലായെന്നും താൻ പൊലീസുകാരനാണെന്നും, കേസ് കൊടുക്കുമെന്നും പറഞ്ഞ് ഹോട്ടൽ ജീവനക്കാരോട് ആദ്യം ഭീഷണി മുഴക്കി മടങ്ങി. കടയുടമ അബ്ദുൾ ലത്തീഫ് ആലപ്പുഴ സൗത്ത് പൊലീസിൽ അറിയിച്ചതനുസരിച്ച് രണ്ട് പൊലീസുകാർ സ്ഥലത്തെത്തി വിവരം അന്വേഷിച്ച് മടങ്ങിയതിന് തൊട്ട് പിന്നാലെ ബൈക്കിൽ തിരിച്ചെത്തിയ ജോസഫ്, ബൈക്ക് കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറ്റി. തുടർന്ന് കൈയിൽ കരുതിയിരുന്നു വാക്കത്തി കൊണ്ട് കടയുടെ ഗ്ലാസ്, കസേര, മേശ തുടങ്ങിയവ തകർക്കുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തടയാനെത്തിയ ഹോട്ടലിന്റെ പാർട്ണറായ റിയാസിനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളിയിട്ട ശേഷം ആയുധം വീശി ഭീഷണിപ്പെടുത്തി. ഹോട്ടൽ ജീവനക്കാർക്ക് നേരെയും ആയുധം വീശി. ബഹളത്തെ തുടർന്ന് ജനം തടിച്ചുകൂടിയെങ്കിലും ഇയാളുടെ കൈവശം വാക്കത്തിയുണ്ടായിരുന്നതിനാൽ ആർക്കും തടയാൻ സാധിച്ചില്ല. സ്ഥലത്തെത്തിയ കെട്ടിടഉടമ ജോസഫ് മാത്യുവിന്റെ ഭാര്യ രജനിയെ അസഭ്യം പറഞ്ഞു. വിവരമറിഞ്ഞ് ആലപ്പുഴ ഡിവൈ.എസ്.പി അടക്കമുള്ള സംഘം സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ജോസഫിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ മദ്യപിച്ചിരുന്നതായി സൗത്ത് പൊലീസ് പറഞ്ഞു. ദിവസേന അഞ്ഞൂറോളം പേർക്ക് ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലിൽ മറ്റാരും പരാതിയുമായി എത്തിയിട്ടില്ലെന്ന് ഹോട്ടൽ ഉടമകൾ പൊലീസിനോട് പറഞ്ഞു.

പ്രകോപനമായത് കുട്ടിയുടെ ആരോഗ്യനില മോശമായത്

മൂന്ന് ദിവസം മുമ്പ് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചശേഷം രാത്രിയിലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. രാത്രി തന്നെ പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച ശേഷം അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച്ച കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തു. തുടർന്ന് ജോസഫ് ഇന്നലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കും പോയി. വൈകുന്നേരം കുട്ടിക്ക് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി ഭാര്യ ജോസഫിനെ ഫോണിൽ വിളിച്ചറിയിച്ചു. ഈ പ്രകോപനത്തിൽ മദ്യപിച്ച ജോസഫ് കടയിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement