നാടാകെ പനിക്കിടക്കയിലായിട്ടും മരുന്നില്ലാതെ ആശുപത്രികൾ

Sunday 02 June 2024 12:10 AM IST

ആലപ്പുഴ : പകർച്ചപ്പനിയുൾപ്പെടെ ബാധിച്ച് നാട് കിടക്കയിലായിട്ടും സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമില്ല. മെഡിക്കൽ കോളേജ് മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ആശുപത്രികളിൽ ആന്റിബയോട്ടിക്ക് ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം അതിരൂക്ഷമാണ്.

ആഴ്ചകളായി ഇൻസുലിൻ ലഭിക്കാതായത് പ്രമേഹരോഗികളെയും കഷ്ടത്തിലാക്കി.കാലവർഷമെത്തുംമുമ്പേ വേനൽ മഴ ശക്തമായതാണ് നാടാകെ പനിഭീതിയിക്കിയത്. ഡെങ്കി, എലിപ്പനിബാധിതരുടെ എണ്ണവും വർദ്ധിച്ചു. പനി വ്യാപകമായെങ്കിലും മുൻസീസണുകളിലേതുപോലെ പനി ക്ളിനിക്കുകൾ ആരംഭിച്ചിട്ടില്ല.

ജനറൽ ഒ.പി വിഭാഗങ്ങളിലും അത്യാഹിത വിഭാഗത്തിലുമാണ് പനിബാധിതർ‌ ചികിത്സ തേടിയെത്തുന്നത്. പാരസെറ്റമോൾ ഗുളികമാത്രമാണ് പനിബാധിതർക്ക് നൽകാൻ ആശുപത്രികളിലുള്ളത്. കടുത്ത ചുമ, ശ്വാസംമുട്ടൽ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകളില്ല. കടുത്ത ശ്വാസതടസത്താൽ ബുദ്ധിമുട്ടുന്നവർക്ക് നൽകുന്ന അസ്താലിൻ, സാൽബട്ടാമോൾ സിറപ്പ്, ജലദോഷത്തിനും വിവിധ തരം അലർജി കൾക്കും നൽകുന്ന സിട്രിസിൻ , ഗ്യാസ് ഉണ്ടാകാതിരിക്കാനുള്ള പാൻഡാക്ക്, മുറിവുകൾ ഉണങ്ങുന്നതിനും മറ്റും നൽകുന്ന ഓയിന്റ് മെന്റുകൾ, വേദനസംഹാരിയായ അൾട്രാസെറ്റ് തുടങ്ങിയ മരുന്നുകളൊന്നും സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ ഇല്ല.

ക്ഷാമം രൂക്ഷമായതോടെ ചില ആശുപത്രികൾ മാനേജിംഗ് കമ്മിറ്രിയുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നൽകുന്നുണ്ടെങ്കിലും ഫണ്ടിന്റെ പരിമിതി മരുന്നുവിതരണത്തെ ബാധിച്ചിട്ടുണ്ട്.

മരുന്ന് എത്തിക്കാനാകാതെ മെഡി.സർവീസ് കോർപ്പറേഷൻ

1.മെഡിക്കൽ സർവീസ് കോർപ്പറേഷന് മരുന്ന്എത്തിക്കാൻ കഴിയാത്തതാണ് ക്ഷാമത്തിന് കാരണം

2.ആശുപത്രികളിൽ നിന്നുള്ള ഇൻഡന്റ് പ്രകാരമാണ് കോർപ്പറേഷൻ മരുന്ന് വാങ്ങി വിതരണം ചെയ്യുന്നത്

3.പുതിയ സാമ്പത്തിക വർഷം മരുന്നിനുള്ള ഇൻഡന്റ് ആശുപത്രികളിൽ നിന്ന് നൽകിയിട്ടില്ല

4.ലോക്സഭാ തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും മരുന്ന് വാങ്ങലിന് തടസമായി

5.മരുന്നുവിതരണത്തിനുള്ള ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറികളുടെ കുറവും പ്രതിസന്ധിയാണ്

ഇൻസുലിൻ ഇല്ല

ജീവിതശൈലിക്ളിനിക്കുകളിൽ നിന്നുൾപ്പെടെ പ്രമേഹത്തിന് മരുന്ന് തേടിയെത്തുന്ന രോഗികളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ആഴ്ചയിൽ രണ്ട് ദിവസമാണ് ജീവിതശൈലി ക്ളിനിക്കുള്ളത്. പ്രാഥമിക തലം മുതൽ ജില്ലാ , ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ പ്രമേഹ ബാധിതർക്ക് ഇൻസുലിൻ സൗജന്യമാണ്. ജനറൽ ആശുപത്രിയിൽ ഒരാഴ്ചയിൽ കുറഞ്ഞത് 2000 ഇൻസുലിനാണ് ആവശ്യമുള്ളത്. ഒരു ഡ‌ോസിന് 80 മുതൽ 90 വരെയാണ് പുറത്ത് നിന്ന് വാങ്ങുമ്പോൾ ഇൻസുലിന്റെ വില.

ഇൻസുലിൻ ഉൾപ്പെടെ ചില മരുന്നുകൾക്ക് ക്ഷാമമുണ്ട്. രണ്ട് ദിവസത്തിനകം പരിഹാരമാകും

- ഫാർമസി വിഭാഗം, ജനറൽ ആശുപത്രി , ആലപ്പുഴ

Advertisement
Advertisement