കഴുത്ത് ഞെരിച്ച് കൊന്നത് 49 സ്ത്രീകളെ; മൃതദേഹം പന്നികൾക്ക് ഭക്ഷിക്കാൻ; കുപ്രസിദ്ധ സീരിയൽ കില്ലർ കൊല്ലപ്പെട്ടു

Saturday 01 June 2024 10:34 PM IST

ഒട്ടാവ: കാനഡയെ വിറപ്പിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ റോബർട്ട് പിക്ടൺ (74) കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലിൽ കഴിഞ്ഞ ഇയാളെ സഹതടവുകാരൻ ആക്രമിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മേയ് 19നായിരുന്നു പിക്ടൺ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ സഹതടവുകാരനായ മാർട്ടിൻ ചാറെസ്റ്റിനെ (51) പൊലീസ് കസ്​റ്റഡിയിലെടുത്തു.

ഇയാൾ ഒരുതരം ഹാൻഡിൽ കൊണ്ട് പിക്‌ടണിന്റെ തലയിൽ കുത്തിയെന്നാണ് വിവരം. 1995 - 2001 കാലയളവിൽ 49 സ്ത്രീകളെ പിക്ടൺ കൊന്നെന്ന് കരുതുന്നു. 26 കേസുകളിൽ കുറ്റം ചുമത്തി. ആറ് എണ്ണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. ഇരകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പന്നികൾക്ക് ഭക്ഷിക്കാൻ നൽകുന്നതായിരുന്നു ഇയാളുടെ രീതി. വാൻക്യുവറിലുള്ള ഇയാളുടെ പന്നി ഫാമിൽ നിന്ന് 33 സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിയിരുന്നു. 2002ലാണ് ഇയാൾ പൊലീസ് പിടിയിലായത്.

വാൻക്യുവറിൽ നിന്ന് കാണാതായ സ്ത്രീകളെ തേടിയുള്ള പൊലീസിന്റെ അന്വേഷണം ഒടുവിൽ പിക്ടണിൽ എത്തിച്ചേരുകയായിരുന്നു. 2007ൽ പിക്ടണിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 25 വർഷത്തിന് ശേഷം മാത്രം പരോൾ നൽകിയാൽ മതിയെന്നും കോടതി ഉത്തരവിട്ടു. ലൈംഗികത്തൊഴിലാളികളും മയക്കുമരുന്നിന് അടിമപ്പെട്ട സ്ത്രീകളുമായിരുന്നു പിക്ടണിന്റെ പ്രധാന ഇരകൾ. 1978 - 2001 കാലയളവിൽ വാൻക്യുവറിൽ നിന്ന് 65 സ്ത്രീകളെ കാണാതായെന്നാണ് കണക്ക്.

Advertisement
Advertisement