പെയ്‌തൊഴിയാതെ ദുരിതം

Sunday 02 June 2024 12:00 AM IST

  • രണ്ട് മണിക്കൂറോളം നഗരം മുൾമുനയിൽ
  • ഗതാഗതക്കുരുക്കിൽ കുരുങ്ങി വാഹനങ്ങൾ
  • അശ്വനി, അക്വാട്ടിക് ലൈൻ വീണ്ടും വെള്ളത്തിൽ
  • ശക്തനിലും കൊക്കാലെയിലും വെള്ളപ്പൊക്കം


തൃശൂർ: നഗരത്തിലടക്കം ജില്ലയിൽ പെയ്ത അതിതീവ്രമഴയിൽ നാടും നഗരവും മുങ്ങി. ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം നിറുത്താതെ പെയ്ത മഴയാണ് നാശം വിതച്ചത്. ശക്തമായ ഇടിവെട്ടിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടു. നഗരത്തിലടക്കം നിരവധി സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി.

പൂങ്കുന്നത്ത് റെയിൽവേ ഗേറ്റിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പൂത്തോളിൽ 38-ാം ഡിവിഷനിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട്ടിനുള്ളിൽ അകപ്പെട്ട കുട്ടികളെയും സ്ത്രീകളെയും അഗ്‌നിശമന സേനാവിഭാഗമെത്തി സുരക്ഷിത സ്ഥലത്തെത്തിച്ചു. ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം, തൃപ്രയാർ, കൊടുങ്ങല്ലൂർ, നടത്തറ, ചാവക്കാട് മേഖലകളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ്. പാവറട്ടിയിൽ കോൺവെന്റ് എൽ.പി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. നടത്തറയിൽ നിരവധി വീടുകളിൽ വെള്ളം കയറി.


നഗരത്തെ മുക്കി മഴ

തൃശൂർ നഗരവും പ്രാന്തപ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. മേഘവിസ്‌ഫോടനം പോലുള്ള അതിശക്തമായ മഴയാണ് രണ്ട് മണിക്കൂറിലേറെ നേരം തൃശൂരിൽ പെയ്തത്. സ്വരാജ് റൗണ്ടിൽ വെള്ളം ഉയർന്നുപൊങ്ങിയതോടെ ഗതാഗതം നിലച്ചു. അശ്വിനി ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറി ഐ.സി.യുവിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. അക്വാട്ടിക് ലൈനിലെ 12 ഓളം വീടുകളിൽ വീണ്ടും വെള്ളം കയറി.

ഈ പ്രദേശം മുഴുവൻ വെള്ളക്കെട്ടിലാണ്. അക്വാട്ടിക് കോംപ്ലക്‌സിലേക്കും വടക്കെച്ചിറ ഭാഗത്തുള്ള ഫ്‌ളാറ്റിലേക്കും വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി. അശ്വിനി ആശുപത്രിയുടെ അടുത്തുള്ള നിരവധി കടകളിലേക്കും വെള്ളം കയറി.

പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ റോഡും വെള്ളത്തിൽ മുങ്ങി. ആശുപത്രിക്ക് മുന്നിലുള്ള മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളം കയറിയതോടെ ഉടമകളും തൊഴിലാളികളും കടകളുടെ ഷട്ടറിട്ട് പുറത്തുകടന്നു. വഴിയാത്രക്കാർക്ക് പോലും നടക്കാൻ സാധിക്കാത്തവിധം വെള്ളം പൊങ്ങി.


പ്രളയ സമാനമായി ശക്തനും കൊക്കാലെയും

2018ലെ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ശക്തൻ പരിസരത്തെയും കൊക്കാലെയിലെയും നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി.
ഇക്കണ്ടവാരിയർ റോഡ്, പൂത്തോൾ, റെയിൽവേ സ്റ്റേഷൻ, വഞ്ചിക്കുളം റോഡ്, പടിഞ്ഞാറെ കോട്ട എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കുട്ടൻകുളങ്ങരയിൽ റോഡ് പൂർണമായും മുങ്ങി. പൂത്തോൾ മെർലിൻ ഹോട്ടലിന് എതിർവശമുള്ള റോഡിലും ജുമാ മസ്ജിദ് പള്ളിയിലേക്കും വീടുകളിലേക്കും വെള്ളം കയറി. പൂങ്കുന്നം ഹരിനഗർ റോഡ് പൂർണ്ണമായും വെള്ളത്തിലായി. ശങ്കരയ്യ റോഡിലെ നിരവധി വീടുകളിൽ വെള്ളം കയറി. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗവും വെള്ളക്കെട്ടിലായി. പല സ്ഥലങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ്. മുണ്ടുപാലത്ത് റോഡിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മാറ്റി പാർപ്പിച്ചു. ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം നിറുത്തി.

Advertisement
Advertisement