വോട്ടെണ്ണൽ; ഒരുക്കങ്ങൾ പൂർണം

Sunday 02 June 2024 12:00 AM IST

തൃശൂർ: പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടെണ്ണൽ നടക്കുന്ന നാലിന് തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനിയറിംഗ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാക്രമീകരണങ്ങളും മറ്റും കളക്ടറും പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തി.

ആദ്യം പോസ്റ്റൽ ബാലറ്റ്

രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് വരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 30 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ടേബിളുകളിലും സഹവരണാധികാരികളുടെ നിയന്ത്രണമുണ്ടാകും. ഇ.വി.എം/വി.വി പാറ്റ് എണ്ണുന്നതിന് പ്രത്യേകം ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഗുരുവായൂർ, നാട്ടിക മണ്ഡലങ്ങളുടേത് ആർക്കിടെക്ചർ ബ്ലോക്കിലും മണലൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളുടേത് മില്ലേനിയം ഓഡിറ്റോറിയത്തിലും ഒല്ലൂർ, തൃശൂർ, പുതുക്കാട് മണ്ഡലങ്ങളുടേത് യഥാക്രമം ഇലക്ട്രിക്കൽ, പി.ജി മെക്കാനിക്കൽ ബ്ലോക്കുകളിലുമായാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ഹാളുകളിലും വോട്ടെണ്ണൽ പ്രക്രിയ പൂർണമായും വീഡിയോഗ്രാഫി ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.


എൻജിനിയറിംഗ് കോളേജിന് അവധി

തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിന് ജൂൺ നാലിന് അവധി പ്രഖ്യാപിച്ച് കളക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു.


കനത്ത സുരക്ഷ
വോട്ടെണ്ണൽ കേന്ദ്രത്തിനുള്ള കനത്ത സുരക്ഷാ ബന്തവസ് കേന്ദ്ര സേനയുടെ നിയന്ത്രണത്തോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം മൂന്ന് തട്ടുകളിലായി വിന്യസിക്കും. എൻജിനിയറിംഗ് കോളേജ് കാമ്പസിന് പുറത്തും സുരക്ഷയുമായി ബന്ധപ്പെട്ട് കാമറകൾ സ്ഥാപിച്ച് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. യാതൊരു കാരണവശാലും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അന്നേദിവസം വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.

Advertisement
Advertisement