സൽമാനെ കൊലപ്പെടുത്താൻ വൻ പദ്ധതി; നാല് അറസ്റ്റ്, പിന്നിൽ ബിഷ്‍ണോയ് സംഘം

Sunday 02 June 2024 12:36 AM IST

മുംബയ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളുടെ വൻ പദ്ധതി തകർത്ത് പൊലീസ്. ആക്രമണത്തിന് പദ്ധതിയിട്ട നാല് പേരെ അറസ്റ്റ് ചെയ്‌തു. കാറ് ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഗൂഢാലോചനയിൽ പങ്കുള്ള ഷാർപ്പ് ഷൂട്ടർമാരായ ധനഞ്ജയെന്ന അജയ് കശ്യപ്, ഗൗരവ് ഭാട്ടിയയെന്ന നാഹ്‍വി, വാസ്പി ഖാനെന്ന വാസിം ചിക്ന, വാസിം ഖാനെന്ന ജാവേദ് ഖാൻ എന്നിവരെയാണ് നവി മുംബയ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിന് പാകിസ്ഥാനിയായ ആയുധ ഇടപാടുകാരനിൽ നിന്ന് എ.കെ 47,​ എം -16 തോക്കുകൾ തുടങ്ങിയവ എത്തിച്ചു.പ്രായപൂർത്തിയാകാത്തവരെ ഷൂട്ടർമാരായി ഉപയോഗിക്കാനും ആലോചിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പൻവേലിലുള്ള സൽമാന്റെ ഫാംഹൗസ് പരിസരത്തുവച്ച് കാറ് തടഞ്ഞുനിറുത്തി എ.കെ. 47 തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കാനായിരുന്നു പദ്ധതി.

ഫാം ഹൗസിന് സമീപത്തും സൽമാന്റെ ഷൂട്ടിംഗ് ലൊക്കേഷൻ പരിസരത്തും ഇവർ നിരീക്ഷണം നടത്തിയെന്നാണ് റിപ്പോർട്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്‍ണോയ് സംഘത്തിൽ നിന്ന് നിരന്തര ഭീഷണി ഉയർന്നതിനെ തുടർന്ന് സൽമാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയാക്കിയിരുന്നു.

ഏപ്രിൽ 14ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സൽമാന്റെ വീടിന് നേർക്ക് വെടിയുതിർത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ഒരു പ്രതി അനുജ് താപ്പൻ മേയ് ഒന്നിന് കസ്റ്റഡിയിലിരിക്കെ മരിച്ചു.

ശേഷം വിദേശത്തേക്ക്

ആക്രമണം നടന്ന ശേഷം കന്യാകുമാരിയിലേക്ക് കടക്കാനായിരുന്നു പ്രതികൾക്ക് ലഭിച്ച നിർദ്ദേശം.

അവിടെ നിന്ന് കടൽമാർഗം ശ്രീലങ്കയിലേക്ക്. അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി കടക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കാനഡയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് അക്രമികൾക്ക് തുക നൽകാനാണ് നിശ്ചയിച്ചിരുന്നത്.

പാക് ആയുധങ്ങൾ എത്തിച്ചു

നിലവിൽ ജയിലിൽ കഴിയുന്ന ബിഷ്‌ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാളുടെ ബന്ധു അൻമോൽ ബിഷ്‌ണോയിയും ഗോൾഡി ബ്രാറും

ചേർന്നാണ് പാകിസ്ഥാനിയായ ആയുധ ഇടപാടുകാരനിൽനിന്ന് തോക്കുകൾ വാങ്ങിയത്. എ.കെ 47,​ എം 16,​ എ.കെ 92 തുടങ്ങിയ ആയുധങ്ങൾ എത്തിച്ചു.

പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിനും സമാന ആയുധങ്ങളാണ് ഉപയോഗിച്ചത്. പദ്ധതിക്കു പിന്നിൽ 60-70 ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോരുത്തർക്കും പ്രത്യേക റോളുകൾ. റെയിൽവേ സ്റ്റേഷൻ,​ ബസ് സ്റ്രാൻഡുകൾ എന്നിവിടങ്ങളിൽ രഹസ്യയോഗങ്ങൾ നടത്തി. കശ്യപും ബിഷ്‌ണോയിയും വാട്സ്ആപ്പ് കാളുകൾ വഴി ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും ഏകോപനത്തെക്കുറിച്ചും സംസാരിച്ചു.

Advertisement
Advertisement