അവർ ജീവിതം കൂടി പഠിക്കട്ടെ

Sunday 02 June 2024 12:39 AM IST

ഒരു വ്യക്തിയുടെ വിദ്യാഭ്യാസം അനൗപചാരികമായി ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്; പ്രത്യേകിച്ച് മാതാപിതാക്കളിൽനിന്ന്. ഒരു ചെറിയ ഓർമ്മച്ചിന്തുപോലും കോറിയിട്ടില്ലാത്ത തെളിഞ്ഞ തലച്ചോറുമായി ജനിക്കുന്ന കുഞ്ഞ് ആശയവിനിമയത്തിന്റെ പ്രധാന ഉപാധിയായ അക്ഷരങ്ങൾ സ്വായത്തമാക്കുന്നതിനു മുൻപുതന്നെ,​ ആവശ്യാനുസരണം കമ്മ്യൂണിക്കേഷൻ അഥവാ ആശയവിനിമയം നടത്തുന്നു എന്നത് അദ്ഭുതം തന്നെ. കുഞ്ഞ്,​ അവന്റെയോ അവളുടെയോ ആവശ്യങ്ങൾ, പ്രതിഷേധങ്ങൾ, താത്പര്യങ്ങൾ, സന്തോഷം, സങ്കടം... ഒക്കെ വളരെ വ്യക്തമായി,​ ഏറ്റവും അടുത്തിടപഴകുന്നവരുമായി പങ്കുവയ്ക്കുന്നു.

വ്യക്തിയുടെ വിദ്യാഭ്യാസവും വ്യക്തിത്വവും പരസ്പരപൂരകങ്ങളാണ്. നല്ല വ്യക്തിത്വമുള്ളയാൾക്കു മാത്രമേ വ്യക്തിജീവിതത്തിലും കർമ്മ മണ്ഡലങ്ങളിലും ഒരുപോലെ മുന്നേറുവാൻ കഴിയൂ. നമ്മുടെ നാട്ടിലെ സമ്പ്രദായമനുസരിച്ച് നാല്- ആറ് വയസിലാണ് അനൗപചാരിക വിദ്യാഭ്യാസം തുടങ്ങുന്നത്. അതിനു മുൻപുതന്നെ കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന്റെ നേരിയതും ശക്തവുമായ അടിത്തറ കുടുംബത്തിൽനിന്ന് കുട്ടി സ്വായത്തമാക്കിയിരിക്കും. കുട്ടിക്ക് തിരിച്ചറിവില്ല എന്നതുകൊണ്ട്,​ അതുവരെ മനസിന്റെ ക്യാൻവാസിൽ കോറിയിട്ട വരകൾക്ക് അടുക്കും ചിട്ടയുമുണ്ടാകില്ലെന്നു മാത്രം.

പഠിക്കണം,​ ജീവിത

നൈപുണികളും

നാല്- ആറ് വയസിന്റെ കാലഘട്ടത്തിൽ കുട്ടികൾക്ക് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടുന്ന പ്രവർത്തങ്ങൾ നൽകുന്നതിനൊപ്പം,​ നിത്യജീവിതത്തിൽ സ്വായത്തമാക്കിയിരിക്കേണ്ട ജീവിത നൈപുണികൾ (ലൈഫ് സ്കിൽസ്)​ പരിശീലിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. മാതൃഭാഷ നന്നായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുന്ന കുട്ടികൾക്ക് മറ്റു ഭാഷാവിഷയങ്ങളും ഗ്രഹിക്കുവാൻ വലിയ പ്രയാസമുണ്ടാകില്ല.

യു.പി തലംവരെ എല്ലാ വിഷയങ്ങളും പഠിക്കുകയും,​ ഹൈസ്കൂൾ തലത്തിൽ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്താൽ ഹയർ സെക്കൻഡറി തലമെത്തുമ്പോൾ ഓരോ കുട്ടിക്കും സ്വയം വിലയിരുത്തി തനിക്കു താത്പര്യവും നൈപുണിയുമുള്ള മേഖലയിലെ ഉന്നത പഠനത്തിന് അടിത്തറ പാകുന്ന തരത്തിലുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും.

ഹയർ സെക്കൻഡറി തലത്തിൽ,​ പഠനത്തിനൊപ്പം തന്നെ കുട്ടികൾക്ക് ഉന്നത പഠനത്തിന് സ്വയം വിഷയം തെരഞ്ഞെടുക്കുവാൻ ഉതകുന്ന തരത്തിലുള്ള ഓറിയന്റേഷൻ ക്ളാസുകൾ നൽകാം. നിർഭാഗ്യവശാൽ കേരളത്തിൽ ഇത്തരമൊരു സമ്പ്രദായമില്ല. ഇതുമൂലം,​ ഏതു മേഖലയിൽ ഉന്നതപഠനം നടത്തണമെന്ന കാര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ ആശയക്കുഴപ്പം നേരിടേണ്ടി വരുന്നു. അങ്ങനെ വരുമ്പോൾ,​ ഒന്നുകിൽ രക്ഷിതാക്കളുടെ താത്പര്യമനുനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാൻ കുട്ടി നിർബന്ധിതനാകും. അല്ലെങ്കിൽ ഒരു ധാരണയുമില്ലാതെ,​ ലഭിക്കുന്ന ഏതെങ്കിലും കോഴ്സ് പഠിക്കാൻ സാഹചര്യമുണ്ടാകുന്നു! ഈ സാഹചര്യത്തിൽ ഒട്ടേറെ കുട്ടികൾക്ക് സുഗമമായി പഠനം പൂർത്തിയാക്കാൻ കഴിയാതെ വരികയും,​ അത് അവരുടെ ആത്മവിശ്വാസം കെടുത്തി പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കു നയിക്കുകയും ചെയ്യുന്നു.

ജീവിതത്തിന്റെ

ബാലപാഠം

വിദ്യാഭ്യാസംകൊണ്ട് പൊതുവെ നമ്മൾ വിവക്ഷിക്കുന്നത് ക്ളാസ് റൂം പഠനം മാത്രമാണ്. എന്നാൽ,​വിദ്യാഭ്യാസത്തിനൊപ്പം വ്യക്തമായ ജീവിതവീക്ഷണം കൂടി നൽകിയാലേ കുട്ടികളുടെ ഭാവി സുരക്ഷിതമാകൂ. ഉയർന്ന അക്കാഡമിക് നിലവാരം പുലർത്തുന്ന മിടുക്കർ പോലും ജീവിതത്തിലെ വ്യത്യസ്തമായ പ്രതിസന്ധികളിൽ പരാജയപ്പെട്ടുപോകുന്നത് സാധാരണമാണ്. ചെറിയ പരാജയങ്ങൾപോലും താങ്ങാനാകാതെയും,​ ചെറിയ പ്രശ്നങ്ങൾക്കുപോലും പരിഹാരം കാണാനാകാതെയും അവർ തളർന്നുപോകുന്നു. ഇതിന് ഒരു പരിധിവരെ ഉത്തരവാദികൾ രക്ഷിതാക്കൾ തന്നെയാണ്.

താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെപ്പറ്റി അറിവില്ലാതെ പോകുന്നത് സ്വാഭാവികം. രക്ഷിതാക്കളുടെ അമിത ഉത്കണ്ഠയും അമിത സംരക്ഷണവും കുട്ടികളെ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റിനിറുത്തുന്നു. മത്സരങ്ങളുടെ ലോകത്ത് എല്ലാത്തിലും ഒന്നാമതായിരിക്കണമെന്ന കർശന നിലപാട് കുട്ടിക്കു നൽകുന്ന സമ്മർദ്ദം ചെറുതല്ല. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം,​ ജീവിതം എന്തെന്നുകൂടി പഠിപ്പിക്കുവാൻ, ജയപരാജയങ്ങൾ എങ്ങനെ നേരിടണമെന്നുകൂടി പഠിക്കുവാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കേണ്ടതുണ്ട്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളെ ഒരേ മനോനിലയോടെ നേരിടുവാൻ യുവതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്.

(ഫോൺ: 94469 78739)​

Advertisement
Advertisement