ബോംബ് ഭീഷണി ചെന്നൈ-മുംബയ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Sunday 02 June 2024 12:39 AM IST

മുംബയ്: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബയ് ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഇൻഡിഗോയുടെ 6 ഇ 5314 വിമാനമാണ് അടിയന്തരമായി മുംബയ് വിമാനത്താവളത്തിൽ ഇറക്കിയത്. ചെന്നൈയിൽനിന്ന് പറന്നുയർന്ന വിമാനം മുംബയിൽ ലാൻഡ് ചെയ്യാനൊരുങ്ങവെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ക്യാബിൻ ക്രൂ പ്രോട്ടോക്കോൾ പിന്തുടരുകയും വിമാനം സുരക്ഷാ നിർദ്ദശപ്രകാരം ഐസൊലേഷനിലാക്കുകയും ചെയ്‌തു. യാത്രക്കാർ സുരക്ഷിതരാണെന്നും ലാൻഡ് ചെയ്‌തയുടന എല്ലാവരേയും ഒഴിപ്പിച്ചെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ടെർമിനലിൽ എത്തിക്കും. കഴിഞ്ഞ ദിവസം 177 യാത്രക്കാരുമായി പുറപ്പെട്ട ഡൽഹി- ശ്രീനഗർ വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ശ്രീനഗറിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ 28ന് ബോംബ് ഭീഷണിയെത്തുടർന്ന്

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നു.

Advertisement
Advertisement