ജാമ്യാപേക്ഷയിൽ വിധി 5ന്; കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക്

Sunday 02 June 2024 12:49 AM IST

ന്യൂഡൽഹി: ജാമ്യപേക്ഷയിൽ വിധി പറയുന്നത് റൗസ് അവന്യു കോടതി ജൂൺ അഞ്ചിലേക്ക് മാറ്റിയതോടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ഡൽഹി മദ്യനയക്കേസൽ അറസ്റ്റിലായ കേജ്‌രിവാളിന് സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം കാലാവധി ഇന്നലെ പൂർത്തിയായി. ജാമ്യം ഒരാഴ്‌ചത്തേക്ക് നീട്ടണമെന്ന കേജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.

ജയിലിൽ ഇന്ന് തിരിച്ചെത്തേണ്ടതിനാൽ ശനിയാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രോസിക്യൂഷനും പ്രതിഭാഗവും സമർപ്പിച്ച വാദങ്ങളും രേഖകളും ഏറെയുണ്ടെന്നും അവ പരിശോധിച്ച് വിധി തയ്യാറാക്കാൻ സമയം വേണമെന്നും പ്രത്യേക ജഡ്ജി കാവേരി ബവേജ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള അപേക്ഷയാണ് കേജ്‌രിവാൾ നൽകിയതെന്നും സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം നീട്ടാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നീട്ടി നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് വിചാരണ കോടതിയെ സമീപിച്ചത്. കേജ്‌രിവാൾ ആരോഗ്യവുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ചൂണ്ടിക്കാട്ടി. കോടതിയിൽ കീഴടങ്ങുമെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ കേജ്‌രിവാൾ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയ വിവരം മറച്ചു. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കേജ്‌രിവാൾ ഒരു മണിക്കൂർ സമയം ആവശ്യമുള്ള ടെസ്റ്റുകൾ നടത്താതെയാണ് ഇടക്കാല ജാമ്യം തേടുന്നത്. ആംആദ്‌മിക്കു വേണ്ടി പ്രചാരണം നടത്താനാണ് ഇടക്കാല ജാമ്യം ലഭിച്ചതെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ എൻ. ഹരിഹരൻ പറഞ്ഞു. പ്രചാരണം നടത്തിയിരുന്നില്ലെങ്കിൽ അതുപറഞ്ഞ് ഇഡി കുറ്റപ്പെടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ചികിത്സ അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. ഇന്ന് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത വിരളമാണെന്ന് മനസിലാക്കി ഇന്നുച്ചയ്‌ക്ക് ശേഷം ജയിലിലേക്ക് മടങ്ങുമെന്ന് കേജ്‌രിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തന്റെ പ്രായമുള്ള മാതാപിതാക്കളെ ഡൽഹിയിലെ ജനങ്ങളെ ഏൽപ്പിക്കുകയാണെന്നും പറഞ്ഞു.

Advertisement
Advertisement