സിക്കിം, അരുണാചൽ ഇന്നറിയാം

Sunday 02 June 2024 12:54 AM IST

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. 60 അംഗ അരുണാചൽ, 32 അംഗ സിക്കിം നിയമസഭകളിലേക്ക് ഏപ്രിൽ 19 നായിരുന്നു വോട്ടെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജൂൺ നാലിന് വോട്ടെണ്ണൽ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടിടത്തും തീയതി മാറ്റുകയായിരുന്നു.

അരുണാചലിൽ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ഏറ്റുമുട്ടുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു ( മുക്തോ ), ഉപമുഖ്യമന്ത്രി ചൗന മേൻ ( ചൗഖാം ) എന്നിവരും ബോംഡില, ഹയുലിയാങ്, ഇറ്റാനഗർ, റോയിംഗ്, സഗലി, താലി, താലിഹ, സീറോ-ഹാപോളി സീറ്റുകളിലെ ബി.ജെ.പി സ്ഥാനാർത്ഥികളും എതിരില്ലാതെ ജയിച്ചിട്ടുണ്ട്.

സിക്കിമിൽ പ്രാദേശിക പാർട്ടികളായ സിക്കിം ക്രാന്തികാരി മോർച്ചയും (എസ്‌.കെ.എം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്‌.ഡി.എഫ്) തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയും കോൺഗ്രസും മുന്നണികളിലുണ്ട്.

നിലവിലെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് (എസ്‌.കെ.എം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് (എസ്‌.ഡി.എഫ്), മുൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്‌.ഡി.എഫ്) തുടങ്ങിയവർ പ്രമുഖ സ്ഥാനാർത്ഥികൾ.
2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോൺഗ്രസ് നാലും ജെ.ഡി.യു ഏഴും എൻ.പി.പി അഞ്ചും നേടി.

2019 ലെ സിക്കിം തിരഞ്ഞെടുപ്പിൽ എസ്‌.കെ.എം 17 സീറ്റുമായി അധികാരത്തിലെത്തി. എസ്.ഡി.എഫ് 15 ൽ ഒതുങ്ങി. അരുണാചലിൽ ഭൂരിപക്ഷത്തിന് 31ഉം സിക്കിമിൽ 17ഉം സീറ്റ് വേണം.

Advertisement
Advertisement