ഡൽഹി–സാൻഫ്രാൻസിസ്കോ വിമാനം പുറപ്പെട്ടു

Sunday 02 June 2024 12:55 AM IST

ന്യൂഡൽഹി: 30 മണിക്കൂറിലേറെയായുള്ള കാത്തിരിപ്പിന് ശേഷം ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. 20 മണിക്കൂർ വൈകിയതോടെ എയർ ഇന്ത്യക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ)​ നോട്ടീസ് അയച്ചിരുന്നു. സാങ്കേതിക തകരാർ, എ.സി തകരാർ, പേ ലോഡ് പ്രശ്നങ്ങൾ എന്നിവ കാരണമാണ് വൈകുന്നതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. 200ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ചയാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചതുപ്രകാരം യാത്രക്കാർ വിമാനത്താവളത്തിലെത്തി. എന്നാൽ വിമാനം പുറപ്പെട്ടില്ല. രാത്രി ഏഴിന് പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ കയറ്റിയെങ്കിലും വീണ്ടും പുറത്തിറക്കി. ഇതോടെ യാത്രക്കാ‍ർ പ്രതിഷേധം അറിയിച്ചു. പ്രതിഷേധ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വിമാനത്തിൽ വേണ്ടത്ര ഭക്ഷണമോ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

വിമാനം 20 മണിക്കൂർ വൈകിയതോടെ എയർ ഇന്ത്യയ്ക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ)​ നോട്ടീസ് നൽകിയിരുന്നു. കനത്ത ചൂടിനെത്തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിമാനം വൈകുന്നതിന് കാരണം എന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.

മേയ് 30ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 183 വിമാനമാണ് വൈകുന്നത്. വ്യാഴാഴ്ച യാത്രക്കാർ വിമാനത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നിട്ടും പുറപ്പെട്ടില്ല. ഇതിനിടെ വിമാനത്തിലെ എ.സി പ്രവർത്തിക്കാതായതോടെ പലരും കുഴഞ്ഞുവീണു. തുടർന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തിനിടെ പത്താംതവണയാണ് ഡി.ജി.സി.എ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകുന്നത്.സാൻ ഫ്രാൻസിസ്‌കോയിൽ രാത്രി ലാൻഡിംഗ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ, അവിടെ ഇറങ്ങുന്നതിന് ആവശ്യമായ അനുമതിക്കായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ ജോലി ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിസാൻ ഫ്രാൻസിസ്‌കോ ഫ്‌ളൈറ്റ് ദൈർഘ്യം ഏകദേശം 16 മണിക്കൂറാണ്.

Advertisement
Advertisement