ദക്ഷിണാഫ്രിക്കയിൽ മണ്ടേലയുടെ പാർട്ടിക്ക് തിരിച്ചടി

Sunday 02 June 2024 7:49 AM IST

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് (എ.എൻ.സി) കനത്ത തിരിച്ചടി. ബുധനാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ 99.76 ശതമാനം ഫലം പുറത്തുവന്നപ്പോൾ വെറും 40 ശതമാനം വോട്ട് മാത്രമാണ് നെൽസൺ മണ്ടേലയുടെ പാർട്ടിയായ എ.എൻ.സിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക് അലയൻസിന് 22 ശതമാനം ലഭിച്ചു. ഇതോടെ രാജ്യത്ത് സഖ്യ സർക്കാരിന് വഴിയൊരുങ്ങി. മൂന്ന് ദശാബ്ദമായി 50 ശതമാനത്തിന് മുകളിൽ നേടി എ.എൻ.സി സ്ഥാപിച്ചുവന്ന ആധിപത്യം ഇതോടെ അവസാനിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ എ.എൻ.സി 57.5 ശതമാനം നേടിയിരുന്നു. 400 അംഗ പാർലമെന്റിലെ 201 എം.പിമാരുടെ പിന്തുണ പ്രസിഡന്റിനും സർക്കാരിനും വേണം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ നേതൃത്വത്തിൽ എ.എൻ.സി മറ്റ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചു. റമഫോസയുമായി സഖ്യത്തിനില്ലെന്ന് മുൻ പ്രസിഡന്റ് ജേക്കബ് സുമ അടുത്തിടെ രൂപീകരിച്ച എം.കെ പാർട്ടി അറിയിച്ചു. 15 ശതമാനവുമായി എം.കെ പാർട്ടി മൂന്നാം സ്ഥാനത്താണ്.

Advertisement
Advertisement