ഹമാസിനെ നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ല: നെതന്യാഹു

Sunday 02 June 2024 8:16 AM IST

ടെൽ അവീവ്: ഹമാസിനെ പൂർണമായി നശിപ്പിക്കാതെ ഗാസയിൽ സ്ഥിരം വെടിനിറുത്തൽ നടപ്പാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും സ്ഥിരം വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബൈഡന്റെ നിർദ്ദേശത്തെ അനുകൂലമായി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ കരാർ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഹമാസ് അറിയിച്ചു. ഇതിനിടെയാണ് നെതന്യാഹു നിലപാട് വീണ്ടും കടുപ്പിച്ചത്. ഹമാസിനെ തകർക്കുന്നതിന് മുമ്പ് ശാശ്വത വെടിനിറുത്തലിനുള്ള ഏതെങ്കിലും ധാരണ അംഗീകരിച്ചാൽ അത് പരാജയപ്പെടുമെന്ന് നെതന്യാഹു പറഞ്ഞു. ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

ഇസ്രയേൽ ഗാസയിൽ നിന്ന് പിന്മാറണമെന്നും സ്ഥിരം വെടിനിറുത്തൽ വേണമെന്നും ഹമാസും ആവശ്യപ്പെടുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയാറല്ലാത്തതിനാൽ മാസങ്ങളായി മദ്ധ്യസ്ഥ ചർച്ചകൾ തടസപ്പെട്ടിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായുള്ള കരാർ ഇസ്രയേൽ അവതരിപ്പിച്ചെന്നും ഹമാസ് അത് അംഗീകരിക്കണമെന്നും ബൈഡൻ വെള്ളിയാഴ്ച രാത്രി ആവശ്യപ്പെട്ടിരുന്നു.

ആദ്യ ഘട്ടത്തിൽ 6 ആഴ്ച നീളുന്ന വെടിനിറുത്തൽ നടപ്പാക്കുമെന്നും ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ആനുപാതികമായി പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും, ഗാസയിലേക്ക് ദിവസവും 600 സഹായ ട്രക്കുകൾ കടത്തിവിടും തുടങ്ങിയ വ്യവസ്ഥകളും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായും പിന്മാറും. വെടിനിറുത്തൽ സ്ഥിരമാക്കും. യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ ഗാസയുടെ പുനർനിമ്മാണ പദ്ധതി ആരംഭിക്കുന്നതാണ് മൂന്നാം ഘട്ടമെന്നും ബൈഡൻ വിശദീകരിച്ചിരുന്നു. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 95 പേർ കൊല്ലപ്പെട്ടതോടെ ഗാസയിലെ മരണ സംഖ്യ 36,370 കടന്നു.

Advertisement
Advertisement