അരുണാചലിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; കോൺഗ്രസിന് ഒരു സീറ്റ്, സിക്കിമില്‍ എസ്കെഎം

Sunday 02 June 2024 9:16 AM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. അരുണാചലില്‍ 60 അംഗ സഭയില്‍ മുഖ്യമന്ത്രി പ്രേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ അടക്കം ബിജെപിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 50 സീറ്റിലെ വോട്ടെണ്ണലാണ് പുരാേഗമിക്കുന്നത്.ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ബിജെപി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ 37 സീറ്റിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആറു സീറ്റിലും, കോൺഗ്രസ് ഒരുസീറ്റിലും ലീഡുചെയ്യുന്നുണ്ട്. കേവലഭൂരിപക്ഷത്തിന് മുപ്പത്തിയൊന്ന് സീറ്റുകൾ മാത്രമാണ് ആവശ്യം. 2019-ല്‍ 41 സീറ്റുനേടി ബിജെപി ഭരണം നേടിയിരുന്നു. ബിജെപിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്.

32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ലീഡ് നില പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ്(എസ് കെ എം) 24 സീറ്റിൽ ലീഡുചെയ്യുന്നത്. എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം.

രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. രാവിലെ ആറുമണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്.

ഏപ്രിൽ 19 നായിരുന്നു രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ 79.88, അരുണാചൽപ്രദേശിൽ 82.95 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. ഭരണകക്ഷിയായ എസ്‌കെഎമ്മും പവൻ കുമാർ ചാംലിംഗിന്റെ എസ്‌ഡിഎഫും തമ്മിലാണ് സിക്കിമിലെ പ്രധാന മത്സരം.ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

60 അംഗ അരുണാചൽ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപി 60 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. എന്നാൽ കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയും മത്സരരംഗത്തുണ്ട്. 2019 ൽ ബിജെപി 41 സീറ്റുകൾ ലഭിച്ചപ്പോൾ ജനതാദൾ (യുണൈറ്റഡ്) ഏഴ് സീറ്റുകളും എൻപിപി അഞ്ച് സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) ഒന്ന്, രണ്ട് സ്വതന്ത്രരും വിജയിച്ചു.

Advertisement
Advertisement