കാളിയനിൽ കിട്ടു ആക്ടീവാകുന്നത് ഡ്രൈ ഡേയിൽ മാത്രം; എല്ലാം നടക്കുന്നത് ടെറസിൽ മാത്രം

Sunday 02 June 2024 11:00 AM IST

കരുനാഗപ്പള്ളി: ഡ്രൈ ഡേ ദിന കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പാവുമ്പ ഭാഗത്ത്‌ നടത്തിയ തെരച്ചിലിലാണ് മദ്യം കണ്ടെടുത്തത്. പാവുമ്പ കാളിയൻ ചന്തയിലെ കാർഷിക ഉത്പന്ന സംഭരണ വിതരണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌ ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ സൂക്ഷിച്ചു വന്ന 30 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.

സ്ഥലത്തെ സ്ഥിരം അബ്കാരി കേസ് പ്രതി കിട്ടു എന്ന രതീഷ് ഈ കെട്ടിടത്തിന് മുകളിൽ സ്ഥിരമായി മദ്യം വില്പന നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ഒളിവിൽ പോയ പ്രതിക്കെതിരെ കരുനാഗപ്പള്ളി എക്‌സൈസ് കേസെടുത്തു.

റെയ്ഡിന് ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.അജിത് കുമാർ, കെ.വി.എബിമോൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ആ‌ർ.അഖിൽ, എസ്.അൻഷാദ്, സഫേഴ്സൻ, ഡ്രൈവർ മൻസൂർ എന്നിവ‌ർ നേതൃത്വം നൽകി. സ്കൂൾ പരിസരങ്ങൾ, കടകൾ എന്നിവിടങ്ങൾ കർശന നിരീക്ഷണത്തിലാണെന്ന് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്. ഐസക് അറിയിച്ചു.

കഴിഞ്ഞദിവസം, കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാരുതി കാറിൽ നിന്ന് 337 ലിറ്റർ അനധികൃത മദ്യം പിടികൂടി. 216 ലിറ്റർ കർണാടക മദ്യവും, 121 ലിറ്ററോളം ഗോവൻ മദ്യവുമാണ് ആരിക്കാടി ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. പ്രതികളായ വിനീത് ഷെട്ടി സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലിന്റെ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മെയ്മോൾ ജോൺ, മഞ്ജുനാഥൻ.വി, നസറുദ്ദിൻ. എ. കെ, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.

തോൽപ്പെട്ടിയിൽ 100 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 100.222 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്ത മാരുതി ഡിസയർ കാറിന്റെ ഉടമ പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള പറമ്പിൽ ആണ് അന്വേഷണമധ്യേ അറസ്റ്റിലായത്.

വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സുധീർ.ടി. എന്നിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ എക്സൈസ് സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ ഷിജു എം .സി, സിവിൽ എക്സൈസ് ഓഫീസർ സനൂപ്. എം.സി, വനിത സിവിൽ ഓഫീസർ ശ്രീജ മോൾ പി എൻ എന്നിവരുണ്ടായിരുന്നു.

കർണ്ണാടകയിലെ പുത്തൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നടത്തിയ ഇടപാടുകളുടെ സി.സി.ടി.വി ഫൂട്ടേജ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇയാൾക്കെതിരെയുള്ള തെളിവുകൾ ലഭിച്ചത്. മുൻപ് പലതവണ പ്രതികൾ കൂട്ടുത്തരവാദിത്വത്തോടുകൂടി എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കടത്തി കൊണ്ടു വന്നിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement