കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളത്തിൽ എത്തുന്ന സകലരെയും പൊലീസിനും കസ്റ്റംസിനും സംശയമാണ്, കാരണം

Sunday 02 June 2024 11:43 AM IST

കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ ആരംഭിച്ച കണ്ണൂർ വിമാനത്താവളം തുടർച്ചയായ സ്വർണകടത്തിലൂടെ വിവാദകേന്ദ്രമാകുന്നു. കഴിഞ്ഞ ഒരുമാസം തുടർച്ചയായുള്ള ദിവസങ്ങളിൽ ഇവിടെ നിന്നും സ്വർണക്കടത്ത് പിടികൂടിയിട്ടുണ്ട്.


സ്വർണക്കടത്തിനിടെ എയർ ഹോസ്റ്റസ് പിടിയിലായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഡി. ആർ. ഡി. ഐ യടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന രഹസ്യവിവരമനുസരിച്ചും പ്രത്യേക പരിശോധന വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്.

കണ്ണൂരിൽ നിന്ന് പിടികൂടിയത്

5 മാസം

14.കിലോ സ്വർണം

കടത്തിന് ശരീരം തൊട്ട് ബട്ടൺ വരെ

കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 14 കിലോയോളം സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്തുന്നതിനിടയിൽ പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി സോക്സിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും തേച്ചുപിടിപ്പിച്ചും ലോഹകമ്പിയുടെ രൂപത്തിലാക്കിയും ബട്ടണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ തുനിഞ്ഞിറങ്ങിയത്.


കടത്തിന് പലരീതികൾ

അടിവസ്ത്രത്തിലെ പ്രത്യേക അറക്കുള്ളിൽ തരിയാക്കി, മിശ്രിത രൂപത്തിൽ തേച്ചുപിടിപ്പിച്ച്

കുഴമ്പു രൂപത്തിലാക്കിയ സ്വർണം വസ്ത്രങ്ങളിലും ശരീരത്തിലും തേച്ചുപിടിപ്പിച്ച്

ചോക്ലേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തൽ

ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങൽ , ഗുഹ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച്

ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർക്കൽ

കടത്ത് ഉദ്ഘാടനം തുറന്ന് പതിനേഴാംദിനത്തിൽ

2018 ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം. 17 ദിവസം കഴിഞ്ഞ് ഡിസംബർ 25നാണ് വിമാനത്താവളത്തിൽനിന്ന് ആദ്യമായി സ്വർണം പിടികൂടി. അന്ന് 2.292 കിലോ സ്വർണമാണ് പിടികൂടിയത്.

കണ്ണൂരിൽ പിടിയിലായ സ്വർണം
2019 -62.972 കിലോ
2020- 39.053 കിലോ
2021- 69.304 കിലോ
2022- 63.285 കിലോ
2023- 31. 045 കിലോ


കസ്റ്റംസ് ഉദ്യോഗസ്ഥർ തൊട്ട് എയർഹോസ്റ്റസ് വരെ

കണ്ണൂരിൽ സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തൊട്ട് ക്യാബിൻ ക്രൂ വരെയുള്ളവർ കൂട്ടുനിന്നതായാണ് ഇതുവരെയുള്ള ചരിത്രം. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായത്.

Advertisement
Advertisement