മണിക്കൂറുകൾ മാത്രം; ആകാശത്ത് അപൂർവ കാഴ്ച, ഇന്ത്യയിൽ ദൃശ്യമാകുന്നത് ഈ സമയത്ത്

Sunday 02 June 2024 2:46 PM IST

ആകാശ വിസ്‌മയങ്ങൾ എന്നും കൗതുകത്തോടെ നോക്കികാണുന്നവരാണ് പലരും. പൂർണ സൂര്യഗ്രഹണം മുതൽ ധ്രുവദീപ്‌തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങൾ ഇതിനോടകം നമ്മൾ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂർവ പ്രതിഭാസം കൂടി വരികയാണ്. നാളെയാണ് ആ ദിനം.

ആറ് ഗ്രഹങ്ങൾ ഒന്നിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 'പ്ലാനറ്റ് പരേഡ്' എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ജൂൺ മൂന്നിന് രാവിലെ സൂര്യോദയത്തോട് അടുത്തായിരിക്കും ഈ പ്ലാനറ്റ് പരേഡ് കാണാൻ കഴിയുക.

ബുധൻ,​ ചൊവ്വ,​ വ്യാഴം,​ ശനി,​ യുറാനസ്,​ നെപ്ട്യൂൺ എന്നീ ആറ് ഗ്രഹങ്ങൾ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റുമ്പോൾ അവ നേർ രേഖയിൽ കടന്നുപോവുന്നതായി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ തോന്നും.

ജൂണ്‍ മൂന്നിന് വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ദൂരദര്‍ശിനി, ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവും. ഭൂമിയിലുടനീളം ജൂൺ മുന്നിന് ഇത് കാണാൻ സാധിക്കുമെന്ന് സ്റ്റാർവാക്ക് സ്പേസ് റിപ്പോർട്ടിൽ പറയുന്നു.

സമയം

സൂര്യോദയത്തിന് ഏകദേശം 20 മിനിട്ട് മുൻപ് ഈ പ്രതിഭാസം കാണാം. ആറ് ഗ്രഹങ്ങൾ നേർരേഖയിൽ വരുമെങ്കിലും വെറും രണ്ട് ഗ്രഹങ്ങൾ മാത്രമേ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുള്ളൂ. അവ ചൊവ്വയും ശനിയുമാണ്. അവയുടെ വലുപ്പമാണ് അതിന് കാരണം. സൂര്യനോട് ഏറെ അടുത്ത് കിടക്കുന്ന വ്യാഴവും ബുധനും മങ്ങിയ അവസ്ഥയിലായിരിക്കും കാണപ്പെടുക. യുറാനസും നെപ്ട്യൂണും ഭൂമിയിൽ നിന്ന് വളരെ ദൂരെയായതിനാൽ ഇവയെ കാണാൻ ദൂരദർശിനികൾ ഉപയോഗിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ നിന്ന് കാണാൻ കഴിയുമോ?

2024 ജൂൺ മൂന്നിന് നടക്കുന്ന 'പ്ലാനറ്റ് പരേഡ്' ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. സൂര്യോദയത്തിന് മുൻപ് ബുധൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ നഗ്നനേത്രങ്ങൾ കാണാൻ സാധിക്കുമ്പോൾ യുറാനസും നെപ്ട്യൂണും അവ്യക്തമായിരിക്കും. അവയെ കാണാൻ ദൂരദർശിനികൾ ഉപയോഗിക്കണം. തെളിഞ്ഞ ആകാശത്ത് മികച്ച കാഴ്ചാനുഭവമായിരിക്കും ലഭിക്കുക.

Advertisement
Advertisement