ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയതാരം
തെന്നിന്ത്യൻ സംഗീത ലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രതിഭയാണ് അദ്ദേഹം. ഇന്ന് ഇളയരാജ അദ്ദേഹത്തിന്റെ 81-ാം പിറന്നാൾ ആഘോഷ നിറവിലാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിൽ ഒരു ചിത്രം വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയുടെ വേഷത്തിലെത്താൻ പോകുന്നത് ധനുഷാണെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ എക്സിലൂടെയാണ് നടൻ പങ്കുവച്ചത്. പുതിയ ചിത്രത്തിന്റെ പോസ്റ്റർ ധനുഷാണ് എക്സിലൂടെ പങ്കുവച്ചത്. ഹാർമോണിയത്തിൽ ഒരു കൈ വച്ച് വേദിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്. ചിത്രത്തിൽ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാൻ സാധിക്കും. ഇത് പങ്കുവച്ചാണ് ഇളയരാജയ്ക്ക് ധനുഷ് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജയാണ്.
Happy birthday to the one and only @ilaiyaraaja sir. pic.twitter.com/adYPIqjc5s
— Dhanush (@dhanushkraja) June 2, 2024
ഇളയരാജയുടെ സംഗീത മികവിനെ തേടി നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹം നാല് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുളള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുളള പുരസ്കാരം ആറ് തവണയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ഇളയരാജയെ ആദരിച്ചു.