രാഷ്ട്രീയ ഗുരുവിനെ മലർത്തിയടിച്ച തമാങ്

Monday 03 June 2024 1:02 AM IST

ന്യൂഡൽഹി : ഹിമാലയൻ മലനിരകൾ തലയുയർത്തി നിൽക്കുന്ന സിക്കിമിൽ,​ ചരിത്രവിജയം നേടിയ മുഖ്യമന്ത്രി പ്രേം സിംഗ് തമാങും തലപ്പൊക്കത്തിലാണ്. രണ്ടാംതവണയും അധികാരത്തിലെത്തുന്നത് രാഷ്ട്രീയ ഗുരുവായിരുന്ന മുൻ മുഖ്യമന്ത്രി പവൻകുമാർ ചാംലിംഗിനെയും,​ തട്ടകമായിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെയും (എസ്‌.ഡി.എഫ്) തകർത്താണ്. ചാംലിംഗ് മത്സരിച്ച രണ്ടിടത്തും തമാങിന്റെ സിക്കിം ക്രാന്തികാരി മോർച്ചയോട് (എസ്‌.കെ.എം) പരാജയപ്പെട്ടു. 32 നിയസഭാ സീറ്റുകളിൽ 31ഉം തമാങിന്റെ എസ്‌.കെ.എം നേടി. ഒറ്റ സീറ്രിലാണ് എസ്‌.ഡി.എഫിന് ജയിച്ചത്.

രാജ്യത്ത് ഏറ്റവും നീണ്ടകാലം മുഖ്യമന്ത്രിയായിരുന്ന റെക്കാഡ് പവൻകുമാർ ചാംലിംഗിനാണ്. പശ്ചിമ ബംഗാളിലെ ജ്യോതി ബസുവിന്റെ റെക്കാഡാണ് മറികടന്നത്. ചാലിംഗിന്റെ 25 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് 2019ൽ തമാങ് മുഖ്യമന്ത്രിയായത്.

അദ്ധ്യാപകൻ, വിമതൻ, മുഖ്യമന്ത്രി

56കാരനായ തമാങിന്റെ ജീവിതകഥ തിരിച്ചടിയുടെയും തിരിച്ചുവരവിന്റെയും പ്രതികാരത്തിന്റെയും കൂടിയാണ്. 1990-93ൽ സർക്കാർ അദ്ധ്യാപകൻ. രാജിവച്ച് സാമൂഹ്യസേവനത്തിനിറങ്ങി. 1994ൽ എസ്‌.ഡി.എഫ് ടിക്കറ്റിൽ എം.എൽ.എയായി. 1994 മുതൽ 2009 വരെ മൂന്ന് തവണ മന്ത്രി. 2009ലെ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതോടെ പാർട്ടിയിൽ വിമതനായി. ചാംലിംഗുമായി ഭിന്നത രൂക്ഷമായി. 2009ൽ സർക്കാരിനെതിരെ ജീവനക്കാരെ സംഘടിപ്പിച്ച് റാലി നടത്തിയത് മന്ത്രിസഭയെ പ്രതിരോധത്തിലാക്കി.

2013 ഫെബ്രുവരിയിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) സ്ഥാപിച്ചു. 2014ൽ പത്ത് സീറ്രിൽ ജയിച്ച എസ്.കെ.എം പ്രതിപക്ഷ പാർട്ടിയായി വളർന്നു. 2016ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനായി. 2019ൽ എസ്.കെ.എം കേവലഭൂരിപക്ഷം നേടിയതോടെ തമാങ് മുഖ്യമന്ത്രിയായി.

 ബി.ജെ.പി അക്കൗണ്ട് തുറന്നില്ല

സിക്കിമിൽ 31 സീറ്റിൽ ബി.ജെ.പി മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു. 2019ൽ എസ്.കെ.എമ്മുമായി സഖ്യത്തിലായിരുന്ന ബി. ജെ. പി ഇത്തവണ ഒറ്രയ്‌ക്കാണ് മത്സരിച്ചത്.

Advertisement
Advertisement