വിനയവാനായ ആ ചെറുപ്പക്കാരന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു: മമ്മൂട്ടിയെ കണ്ടിട്ട് മനസിലാവാത്ത ഒ.വി വിജയൻ
രണ്ടുപേരും കലയുടെ രണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ. തങ്ങളുടെ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവർ. അതുകൊണ്ടുതന്നെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും, മലയാള സാഹിത്യ കുലപതി ഒ.വി വിജയനും തമ്മിൽ കണ്ടുമുട്ടുക എന്നത് ചെറിയൊരു സംഭവമല്ല. ഏറെക്കാലം മുൻപ് ഡൽഹിയിൽ വച്ച് നടന്ന ഒരു പുസ്തകച്ചന്തയിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. എന്നാൽ മലയാള സിനിമയിൽ അപ്പോഴേക്കും പേരെടുത്തുകഴിഞ്ഞിരുന്ന, തന്നെ 'വിജയേട്ടാ' എന്ന് വിളിച്ചുകൊണ്ട് സംസാരിക്കാൻ വന്ന മമ്മൂട്ടിയെ ആദ്യകാഴ്ചയിൽ ഒ.വി വിജയന് മനസിലായില്ല. എന്നാൽ അതിൽ ഒട്ടും പരിഭവിക്കാതെ തന്റെ പേര് മമ്മൂട്ടിയാണെന്നും, താനൊരു സിനിമാ നടനാണെന്നും മമ്മൂട്ടി ഒ.വിയോട് പറഞ്ഞു. ആ സംഭാഷണത്തെ ഇങ്ങനെയാണ് ഒ.വി വിജയൻ ഓർക്കുന്നത്.
'മനസിലായില്ല.' ഞാൻ ക്ഷമാപണം ചെയ്തു.
'എന്റെ പേർ മമ്മൂട്ടി.' ചെറുപ്പക്കാരൻ പറഞ്ഞു.
ഇവിടെയാണ് ഈ വങ്കന്റെ ചോദ്യം പ്രകാശിക്കപ്പെടുന്നത്, ഞാൻ ചോദിച്ചു, 'മമ്മൂട്ടി എന്തു ചെയുന്നു?'
'ഞാൻ സിനിമാ നടനാണ്.'
ഞാൻ ചിരിച്ചു. മമ്മൂട്ടിയും. വിനയവാനായ ആ ചെറുപ്പക്കാരന് വേണ്ടി ഞാൻ പ്രാർത്ഥിയ്ക്കുന്നു. ഒ.വി വിജയൻ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല. മമ്മൂട്ടിയെ ദൈവം അറിഞ്ഞാൽ മതി.
ഒ.വി പറഞ്ഞു നിർത്തുന്നു.