ഉദ്ഘാടനം ജൂലായ് ആദ്യവാരം റവന്യു ഡിവിഷൻ ആസ്ഥാനം ഇനി കണ്മുന്നിൽ...

Monday 03 June 2024 1:39 AM IST

നെടുമങ്ങാട്: നഗരഹൃദയത്തിൽ റവന്യു ഡിവിഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഫർണിച്ചറുകൾ എത്തേണ്ട താമസമേയുള്ളു. ജൂലായ് ആദ്യവാരം ആർ.ഡി.ഓഫീസും താലൂക്കോഫീസും പുതിയ മന്ദിരത്തിലേക്ക് മാറും. വേണാട് രാജഭരണത്തിന്റെ ശേഷിപ്പായ കോയിക്കൽ കൊട്ടാരത്തിനൊപ്പം ഇനി റവന്യു ഡിവിഷൻ ആസ്ഥാനവും പൈതൃക നഗരിയുടെ പെരുമയിൽ പകിട്ടേകും. കച്ചേരിനടയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ടവറിന് മുന്നിലാണ് പുതിയ റവന്യു ആസ്ഥാന മന്ദിരം. ടവറിന്റെയും ആർ.ഡി.ഓഫീസിന്റെയും ഇടനാഴി സന്ദർശകരുടെ വാഹന പാർക്കിംഗിന് ഉപയോഗിക്കാനാണ് തീരുമാനം. 2015ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നെടുമങ്ങാട് താലൂക്കിനെ റവന്യു ഡിവിഷൻ ആസ്ഥാനമായി പ്രഖ്യാപിച്ചത്. 2021 സെപ്തംബർ 28ന് മന്ത്രി കെ. രാജൻ മന്ദിര നിർമ്മാണത്തിന് തറക്കല്ലിട്ടു. മന്ത്രി ജി.ആർ. അനിലിന്റെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയായത്. ആർ.ഡി.ഒയ്ക്ക് സ്വന്തം ആസ്ഥാനമായതോടെ മലയോര മേഖലയിൽ പൊലീസിലും ഭരണപരമായ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കൈവരുമെന്നാണ് പ്രതീക്ഷ. പട്ടയവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും വേഗത്തിൽ തീർപ്പാകും. ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി ഭൂമിയും വീടും ഉറപ്പാക്കാനുള്ള റവന്യു വകുപ്പിന്റെ നടപടികളും ഊർജ്ജിതമാവും.

 കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ

വാളിക്കോട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യു ഡിവിഷൻ ഓഫീസിനും ടവറിൽ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന താലൂക്ക് ഓഫീസിനും ശാപമോക്ഷമാവും.

ടവറിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസും ആർ.ഡി.ഒ മന്ദിരത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്.

അലച്ചിലിനു പരിഹാരം

തിരുവനന്തപുരം ആർ.ഡി.ഒയുടെ കീഴിലുള്ള നെയ്യാറ്റിൻകര താലൂക്കും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളും ഉൾപ്പെടുത്തി 2018 മേയിലാണ് നെടുമങ്ങാട് ആസ്ഥാനമായി ജില്ലയിൽ പുതിയ റവന്യു ഡിവിഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ബസ് സ്റ്റാൻഡിൽ നിന്ന് രണ്ടര കി.മീറ്റർ മാറി കൊപ്പത്ത് മുപ്പതിനായിരം രൂപ പ്രതിമാസ വാടക നൽകിയാണ് നിലവിൽ ആർ.ഡി.ഓഫിസിന്റെ പ്രവർത്തനം. കച്ചേരിനടയിൽ നിന്ന് 100 രൂപ നൽകി ആട്ടോറിക്ഷ പിടിച്ചു വേണം ഇവിടെയെത്താൻ. ആർ.ഡി ഓഫീസിൽ എത്താനുള്ള ദുർഘടാവസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയതോടെ നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് റവന്യു ഡിവിഷനിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. മലയിൻകീഴ്, കാട്ടാക്കട, വെഞ്ഞാറമൂട് ഭാഗങ്ങളിൽ നിന്നെത്തുന്നവരും ആർ.ഡി ഓഫീസ് തേടി അലയുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ആർ.ഡി.ഓഫീസ് നിർമ്മിക്കാൻ നഗര മദ്ധ്യത്ത് അധികൃതർ ഇടം തിരയുമ്പോൾ, റവന്യു ടവറിനു മുന്നിൽ അന്യാധീനപ്പെടുന്ന 20 സെന്റ് സ്ഥലം സംബന്ധിച്ച് 2019 ഡിസംബർ 23 ന് 'കണ്മുന്നിലുണ്ട്, കാണുന്നില്ല ' എന്ന തലക്കെട്ടിൽ ' കേരളകൗമുദി " പ്രസിദ്ധീകരിച്ച വാർത്തയാണ് ചരിത്ര നഗരിയിൽ റവന്യു ഡിവിഷൻ ആസ്ഥാന നിർമ്മിതിക്ക് വഴിയൊരുക്കിയത്.

Advertisement
Advertisement