വേനൽമഴയിൽ കണ്ണുകലങ്ങി കർഷകർ

Monday 03 June 2024 1:55 AM IST

ഉദിയൻകുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ വേനൽമഴയിൽ പ്രദേശത്തെ കർഷകന് കിട്ടിയത് കണ്ണീർമാത്രം.

ഗ്രാമീണ പ്രദേശങ്ങളിലെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് വേനൽക്കാല കൃഷിയിറക്കിയത്. എന്നാൽ പെയ്തിറങ്ങിയ വേനൽമഴ കർഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. പാടങ്ങൾ പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത നൂറുകണക്കിന് കർഷകർക്കാണ് ഈ ദുർവിധി.വേനൽക്കാല കൃഷി പ്രതീക്ഷിച്ച് ഇറക്കിയ വാഴ,മരച്ചീനി,പടവലം, കൂവളം,ചീര,തുടങ്ങിയ നിരവധി കാർഷിക വിഭവങ്ങൾ വെള്ളത്തിൽ മുങ്ങി. പല കർഷകരും തങ്ങളുടെ കൃഷിയിടങ്ങൾ ഇൻഷ്വർ ചെയ്തിട്ടില്ല. ഇതുതന്നെയാണ് കർഷകരുടെ തകർച്ചയ്ക്കും കാരണം. ഓണക്കാലം ലക്ഷ്യമിട്ട് നട്ടുനനച്ച വാഴകളെല്ലാം നിലംപൊത്തി. ചീര , പടവലം, വെണ്ടക്ക, കാത്തിരിക്കാം നാടൻ മുളക്,ഇഞ്ചി തുടങ്ങിയ എല്ലാ കൃഷികളും നശിച്ചു.

നൂലാമാലകൾ ഏറെ

നിയമപ്രകാരം കൃഷിനശിച്ചാൽ ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ ഒരു വാഴത്തൈക്ക് നടുമ്പോൾ 3 രൂപ നിരക്കിൽ ഇൻഷ്വറൻസ് അടയ്ക്കണം. കൃഷി നശിച്ചാൽ അവയ്ക്ക് ആനുകൂല്യം ലഭിക്കണമെങ്കിൽ ഒരുവാഴയ്ക്ക് 150 രൂപയും കുലച്ചവയ്ക്ക് 300 രൂപയും കൃഷിഭവനിൽ അടയ്ക്കണം. എന്നാൽ ഈ വാഴകളിൽ നിന്ന് ലഭിക്കുന്ന കുലകൾക്ക് വില്പന സമയത്ത് വിലകുറവാണെങ്കിൽ ഈ അടച്ച തുക നഷ്ടമാകും. നിലവിൽ പല കർഷകരും പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. പാട്ടത്തുകയും കൃഷിക്കാവശ്യമായ ചെലവും കഴിഞ്ഞാൽ കർഷകരുടെ കൈയിൽ മിച്ചമുണ്ടാകില്ല. അഥുകൊണ്ടുതന്നെ പല കർഷകരും തങ്ങളുടെ കൃഷി ഇൻഷ്വർ ചെയ്യാനും മടിക്കും.

ഇൻഷ്വറൻസ് വേണമെങ്കിൽ അടയ്ക്കേണ്ടത്

ഒരു വാഴയ്ക്ക്....150 രൂപ

കുലച്ച വാഴയ്ക്ക്..... 300 രൂപ

നഷ്ടമാത്രം

കൃഷിനാശവും സാമ്പത്തിക നഷ്ടവും കാരണം കാർഷിക മേഖല ഉപേക്ഷിക്കാനാണ് പല കർഷകരുടെയും ഇപ്പോഴത്തെ തീരുമാനം.

ഇടവപ്പാതി ആയതോടെ മഴയും വെള്ളപ്പൊക്ക സാദ്ധ്യതകളും കണക്കിലെടുത്ത് പലരും കൃഷിയിടം ഉപേക്ഷിച്ച് പോകുവാനുള്ള തീരുമാനത്തിലാണ്. ചിങ്ങമാസ കൊയ്ത്തിനു ലക്ഷ്യമിട്ട് ഇറക്കിയ നെൽവയൽ കൃഷിയും വെള്ളക്കെട്ട് കാരണം ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചതെന്നും കർഷകർ പറയുന്നു.

Advertisement
Advertisement