വിമാന യാത്രയ്ക്ക് മുമ്പ് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്, അനുഭവം വളരെ മോശമായിരിക്കും

Sunday 02 June 2024 11:42 PM IST

വിമാനയാത്ര വല്ലാത്ത ഒരു എക്‌സ്പീരിയന്‍സ് ആണ്, പക്ഷേ യാത്രയ്ക്ക് മുമ്പ് ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അതൊരു വല്ലാത്ത എക്‌സ്പീരിയന്‍സ് ആയി മാറും. അതുകൊണ്ടാണ് വിമാനയാത്രയ്ക്ക് മുമ്പ് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് തെറ്റായ ഭക്ഷണ രീതി സ്വീകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കാനിടയുണ്ട്. ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസാഹാരം മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്.

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളവയും ഉയര്‍ന്ന സോഡിയം അടങ്ങിയതുമായിരിക്കും വറുത്ത ഭക്ഷണങ്ങള്‍. ഇത് കാരണം നെഞ്ചെരിച്ചിലുണ്ടാകുകയും അമിത വണ്ണം ഉണ്ടാകുകയും ചെയ്യും. റെഡ് മീറ്റ് ആണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ മറ്റൊന്ന്. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ഇത് കാരണം നെഞ്ചെരിച്ചില്‍, അസിഡിറ്റി, ചൊറിച്ചില്‍ പോലുള്ള ശാരീരിക അവസ്ഥയ്ക്ക് കാരണമാകും.

കാപ്പി കുടിക്കുന്ന ശീലവും നിങ്ങളുടെ വിമാനയാത്ര അലങ്കോലമാക്കും. ഉയരത്തിലേക്ക് പോകുമ്പോള്‍ ശരീരത്തില്‍ വരള്‍ച്ചയുണ്ടാകുന്നു. യാത്രയ്ക്ക് മുമ്പ് കാപ്പി കഴിച്ചാല്‍ കഫീന്റെ നിര്‍ജ്ജലീകരണ ഗുണങ്ങള്‍ കടുത്ത തലവേദനയ്ക്കും ഓക്കാനത്തിനും കാരണമാകും. മദ്യം കഴിക്കുന്നതും നിര്‍ജ്ജലീകരണമുണ്ടാക്കി കടുത്ത തലവേദനയ്ക്ക കാരണമാകാനിടയുണ്ട്. അതുകൊണ്ട് തന്നെ വിമാനയാത്രയ്ക്ക് മുമ്പ് മദ്യപിക്കുന്ന ശീലം ഒഴിവാക്കണം.

കാര്‍ബണേറ്റഡ് പാനീയങ്ങളാണ് ഒഴിവാക്കേണ്ട മറ്റൊരു സാധനം. ഇതിലെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്‌സൈഡും പഞ്ചസാരയും കാരണം ശാരീരിക അസ്വസ്ഥതയ്ക്കും ഗ്യാസും ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടും. എരിവ് കൂടുതലുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കണം. ആപ്പിള്‍ കഴിക്കുന്നതും വിമാനയാത്രയ്ക്ക മുമ്പ് ഒഴിവാക്കേണ്ട ഒരു ശീലമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ ദഹനത്തെ തടസ്സപ്പെടുത്തുകയും വയറ് വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

Advertisement
Advertisement