വട്ടിപ്പലിശക്കാരുടെ വലയിൽ കുരുങ്ങി തമിഴ്‌നാട്ടിലും അവയവക്കച്ചവടം

Sunday 02 June 2024 11:48 PM IST

തൃശൂർ: വട്ടിപ്പലിശക്കാരുടെ വലയിൽ കുരുങ്ങി കടക്കെണിയിലായ തമിഴ്‌നാട്ടിലെ പലരും അവയവക്കച്ചവട റാക്കറ്റിന്റെ ഇരകളായി. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായ സാബിത്ത് നാസറുമായി പൊലീസ് കോയമ്പത്തൂർ, ചെന്നൈ, സേലം തുടങ്ങിയ സ്ഥലങ്ങളിലെത്തി തെളിവെടുത്തിരുന്നു.

തമിഴ്‌നാട്ടിൽ നിന്ന് മനുഷ്യക്കടത്ത് നടത്തിയതായി സാബിത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. പിടിയിലായ സാബിത്തിന്റെ കൂട്ടാളിയിൽ നിന്നാണ് തമിഴ്‌നാട്ടിലെ കച്ചവടത്തെപ്പറ്റി വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ കുരുക്കിൽപെട്ട് പ്രതിസന്ധിയിലായ നിരവധി പേർ അവയവക്കച്ചവട മാഫിയയുടെ ഇരകളായെന്ന് പൊലീസിന് വിവരം ലഭിച്ചു.

സേലം, തിരുപ്പൂർ, ഈറോഡ്, ധർമ്മപുരി എന്നിവിടങ്ങളിലാണ് റാക്കറ്റ് സജീവം. വട്ടിപ്പലിശയ്ക്ക് പണം കൊടുത്തത് പിരിക്കാൻ ഒരു വിഭാഗം വീട്ടിലെത്തി സമ്മർദ്ദം ചെലുത്തുമ്പോൾ അവയവക്കച്ചവട മാഫിയ പണം നൽകാൻ തയ്യാറായി മറുവശത്തുണ്ടാകും. മറ്റ് മാർഗ്ഗമില്ലാത്ത പാവപ്പെട്ടവർ ഇത് വാങ്ങി അവയവം വിൽക്കും. കച്ചവടത്തിൽ ഡോക്ടർമാരും കമ്മിഷൻ വാങ്ങി പ്രവർത്തിക്കുന്നതായാണ് വിവരം. ദരിദ്ര കുടുംബത്തിൽപെട്ടവർ വൃക്ക നൽകിയാൽ വെറും ഒരു ലക്ഷമാണത്രേ കിട്ടുക. ചിലപ്പോൾ അതിലും കുറയും. ഏജന്റുമാർ വിൽക്കുന്നതാകട്ടെ 25 ലക്ഷത്തിനും മറ്റുമാണ്. വിദേശികളാണ് ആവശ്യക്കാരെങ്കിൽ വില പിന്നെയും കൂട്ടും.

വിൽപ്പനയ്ക്ക് സ്‌പെഷ്യൽ ടീം

അവയവക്കച്ചവടത്തിന് പ്രത്യേകം ടീമുണ്ട്. പല വിപണനതന്ത്രങ്ങളും ഇതിനായി പ്രയോഗിക്കും. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. സമ്മതപത്രമടക്കമുള്ള രേഖകൾ വ്യാജമായുണ്ടാക്കും. പണത്തിന് അത്യാവശ്യമുള്ള കുടുംബങ്ങളാണെങ്കിൽ കൊടുക്കുന്ന തുക പരമാവധി കുറയ്ക്കും. ഇതെല്ലാം അറിയുന്ന പൊലീസുകാർ മാസപ്പടി വാങ്ങി നടപടിയെടുക്കാതിരിക്കും. സർക്കാരിന്റെ അവയവദാന പദ്ധതിയുടെ മറവിലാണ് തമിഴ്‌നാട്ടിൽ അവയവക്കച്ചവടം നടക്കുന്നത്. ഇതേപ്പറ്റി മുമ്പ് അന്വേഷണം നടന്നെങ്കിലും ക്രമപ്രകാരമാണ് എല്ലാം നടക്കുന്നതെന്ന് കണ്ടെത്തി അവസാനിപ്പിച്ചുവത്രേ. മാഫിയ ഇടപെട്ടാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

Advertisement
Advertisement