എക്സിറ്റ് പോൾ ചങ്കിടിപ്പിൽ മുന്നണികൾ

Sunday 02 June 2024 11:52 PM IST

തൃശൂർ: ഫലപ്രഖ്യാപനത്തിന് ഒരു ദിനം മാത്രം ബാക്കി നിൽക്കേ എക്സിറ്റ് പോളിന്റെ ചങ്കിടിപ്പിലാണ് മുന്നണികൾ. മൂന്ന് സീറ്റിൽ വിജയിക്കുമെന്ന പ്രഖ്യാപനം ബി.ജെ.പിക്ക് ആഹ്ളാദ ചങ്കിടിപ്പിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. അതേസമയം ജയം തന്നെയാണ് പ്രതീക്ഷയെന്ന് ആവർത്തിക്കുമ്പോഴും തോൽവിയുടെ ഭാരം പേറേണ്ടി വരുമോയെന്ന ആശങ്ക എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികൾക്കുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും അതിലൊന്ന് തൃശൂരായിരിക്കുമെന്നുമുള്ള എക്ലിറ്റ് പോൾ ഫലങ്ങൾ പാടേ തള്ളിക്കളയുകയാണ് എൽ.ഡി.എഫും യു.ഡി.എഫും.
അവസാനഘട്ടമായതോടെ, പതിനായിരങ്ങളുടെ ഭൂരിപക്ഷമെന്ന പതിവ് ശൈലി മൂന്ന് വിഭാഗവും മാറ്റിവയ്ക്കുന്നുമുണ്ട്. ചുരുക്കത്തിൽ, ഫലം അവസാന നിമിഷം വരെ മാറിമറിയുമെന്ന് അവർ കരുതുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ഉയർന്ന നിരവധി വിവാദങ്ങളും വാക്‌പോരും വമ്പൻ ട്വിസ്റ്റുകളുമായിരുന്നു തൃശൂരിനെ ശ്രദ്ധയമാക്കിയത്. പ്രചാരണസമയത്തും പോളിംഗിന്റെ അവസാനസമയത്തും വരെ അത് തുടർന്നു. മൂന്ന് മുന്നണികളുടെയും കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നത് തൃശൂരിലേക്കാണ്.

കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണവും പ്രതിച്ഛായയും സുരേഷ് ഗോപിയെ തുണയ്ക്കുമെന്ന് എൻ.ഡി.എ വിശ്വസിക്കുമ്പോൾ, വി.എസ്.സുനിൽകുമാറിന്റെ ജനകീയ അടിത്തറ മറ്റാർക്കുമില്ലെന്ന ആത്മവിശ്വാസമാണ് ഇടതുമുന്നണിക്ക്. ഭരണവിരുദ്ധ വികാരവും കരുവന്നൂർ വിഷയവും ന്യൂനപക്ഷ വോട്ടുമെല്ലാം കെ.മുരളീധരനെ തുണയ്ക്കുമെന്ന് യു.ഡി.എഫും കരുതുന്നു.

പൊലിയുന്നത് ഏത് ഫാക്ടർ?

കരുവന്നൂർ ഫാക്ടർ മുതൽ പദ്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം വരെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ വലിയ ചർച്ചകളായ വിഷയങ്ങളിൽ ഏതാണ് പ്രതിഫലിക്കുകയെന്നതാണ് ജനം ഉറ്റുനോക്കുന്നത്. എന്തായാലും വിവാദവിഷയങ്ങൾ തന്നെയാകും ഒരു പരിധി വരെ ഫലത്തെയും സ്വാധീനിക്കുക. കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തോടെ ബി.ജെ.പി സി.പി.എം ധാരണ തൃശൂരിലുണ്ടെന്നായിരുന്നു കോൺഗ്രസ് പ്രചാരണം. എന്നാൽ ഇത് പാടേ തള്ളിയാണ് ബി.ജെ.പിയും സി.പി.എമ്മും പ്രചാരണം മുന്നോട്ടുനയിച്ചത്.

എക്‌സിറ്റ് പോൾ വെറുതെ

വോട്ടെണ്ണി കഴിഞ്ഞാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം വെറുതെയാണെന്ന് തിരിച്ചറിയും. ആ ഫലങ്ങളെക്കുറിച്ചൊന്നും ആരും ആവലാതിപ്പെടേണ്ട. ന്യായമായ ഭൂരിപക്ഷത്തോടെ വി.എസ്.സുനിൽകുമാർ തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കെ.കെ.വത്സരാജ്
ജില്ലാ സെക്രട്ടറി
സി.പി.ഐ

എക്‌സിറ്റ് പോളിൽ കൃത്രിമം

കണക്കെടുത്തപ്പോൾ അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കെ.മുരളീധരന് ലഭിക്കുമെന്നാണ് വിലയിരുത്തിയത്. എക്‌സിറ്റ് പോൾ ഫലങ്ങളൊന്നും വിശ്വസിക്കാനാവില്ല. അതിലെല്ലാം കൃത്രിമം നടന്നിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. തൃശൂരിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാണ്.

ജോസ് വള്ളൂർ
ഡി.സി.സി പ്രസിഡന്റ്

എക്‌സിറ്റ് പോൾ ഫലം കൃത്യം

എക്‌സിറ്റ് പോൾ ഫലങ്ങളിലുള്ളതു പോലെ തൃശൂരിൽ എൻ.ഡി.എ വിജയിച്ചിരിക്കും. നരേന്ദ്രമോദിക്കും ഹിന്ദുത്വത്തിനും കിട്ടുന്ന അംഗീകാരമാകും തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി വോട്ടു മറിച്ചു എന്നതിൽ നിന്ന് മാറി ബി.ജെ.പിക്ക് വോട്ടു മറിച്ചുവെന്ന് ഇടതും വലതും പറയുന്ന നിലയിലേക്ക് കേരളം മാറി.

അഡ്വ.ബി.ഗോപാലകൃഷ്ണൻ
സംസ്ഥാന വൈസ് പ്രസിഡന്റ്
ബി.ജെ.പി.

Advertisement
Advertisement