ആരെഴുതും ഭരണചരിത്രം? നാളെ അറിയാം

Monday 03 June 2024 12:00 AM IST

ന്യൂഡൽഹി: ഏഴു ഘട്ടമായി 543 ലോക്‌സഭ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ. ആന്ധ്ര, ഒഡീഷ നിയമസഭകളിലേക്കും നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും. രാവിലെ 11മണിയോടെ ട്രെൻഡ് വ്യക്തമാകും. ഉച്ചയോടെ ഫലസൂചനകൾ വരും. വൈകുന്നേരത്തോടെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയാകും.

സ്‌ട്രോംഗ് മുറികളിലെ വോട്ടിംഗ് യന്ത്രങ്ങൾ നാളെ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പുറത്തെടുക്കുക. ആദ്യം തപാൽ ബാലറ്റ് എണ്ണും. പിന്നീട് യന്ത്രങ്ങളിലേക്ക് കടക്കും.

ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നിൽ 15 ദശലക്ഷം പോളിംഗ് ഉദ്യോഗസ്ഥരുടെ അദ്ധ്വാനമുണ്ട്. ജില്ല തിരഞ്ഞെടുപ്പ് ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാർ (ആർഒ), നിരീക്ഷകർ എന്നിവർ വോട്ടെണ്ണലിനുമുമ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഏപ്രിൽ 19ന് തുടങ്ങി 44 ദിവസങ്ങളിലായി നീണ്ട ഏഴു റൗണ്ട് തെരഞ്ഞെടുപ്പിനാണ് ശനിയാഴ്‌ച കൊടിയിറങ്ങിയത്. രാജ്യമെമ്പാടുമായി 10 ലക്ഷം ബൂത്തുകളിൽ 90 കോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി. 85 വയസിനു മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാൻ അവസരം ലഭിച്ചു.

Advertisement
Advertisement