കൊടുംചൂടിൽ മരിച്ചത് 56 പേർ: സാഹചര്യം വിലയിരുത്തി മോദി

Monday 03 June 2024 12:18 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊടുംചൂടിൽ ഈ വർഷം മരിച്ചത് 56 പേരെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മേയ് മാസം മാത്രം മരിച്ചത് 46 പേരാണ്. മദ്ധ്യപ്രദേശിലാണ് മരണങ്ങൾ അധികം - 14. മഹാരാഷ്ട്രയിൽ 11ഉം ആന്ധ്രാപ്രദേശിൽ അഞ്ചും മരണങ്ങളുണ്ടായി. ഉഷ്‌ണതരംഗവുമായി ബന്ധപ്പെട്ട് മേയിൽ 19189 പേർ ചികിത്സ തേടിയെന്ന് നാഷണൽ സെന്റർ ഫോർ ഡീസിസസ് കൺട്രോൾ ശേഖരിച്ച കണക്കുകളിലുണ്ട്. എന്നാൽ, പുറത്തുവന്ന കണക്കുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ മരണങ്ങളെ കുറിച്ച് പരാമർശമില്ല. ഇതും കൂടി ചേരുമ്പോൾ മരണകണക്ക് ഇനിയുമുയരാം. മരണം നൂറു കടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഉത്തരേന്ത്യയിൽ ഉൾപ്പെടെ അത്യുഷ്ണം നിലനിൽക്കുന്ന സാഹചര്യവും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകനം ചെയ്‌തു.

 യു.പിയിൽ 33 തിര. ഉദ്യോഗസ്ഥർ മരിച്ചു

ഉത്തർപ്രദേശിൽ കൊടുചൂടിനെ തുടർന്ന് അസുഖബാധിതരായ 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. യു.പിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവയാണ് ഇക്കാര്യമറിയിച്ചത്. ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും.

 റെമാൽ ചുഴലിക്കാറ്റ് ദുരിതവും അവലോകനം ചെയ്‌തു

മിസോറാം, അസാം, മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്കോട്ട് ദുരന്തത്തിന്റെ അടക്കം പശ്ചാത്തലത്തിൽ ആശുപത്രികളിൽ കൃത്യമായ ഇടവേളകളിൽ ഡ്രിൽ നടത്തണമെന്ന് മോദി നിർദ്ദേശിച്ചു. വനത്തിലെ ഫയർ ലൈനും കൃത്യമായി നിലനിർത്തണം.

Advertisement
Advertisement