വീണ്ടും ബോംബ് ഭീഷണി പാരീസ്-മുംബയ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Monday 03 June 2024 1:13 AM IST

മുംബയ്: തുടർച്ചയായുള്ള ബോംബ് ഭീഷണിയിൽ വലയുകയാണ് വിമാനസർവീസുകൾ. ഇന്നലെ

പാരീസിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഒരാഴ്‌ചയ്ക്കിടെ ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്ന മൂന്നാമത്തെ വിമാനമാണിത്. ​

പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യു.കെ 024 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇന്നലെ രാവിലെ 10.19ന് മുംബയ് ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. അതിനിടെ ചെന്നൈ വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണിയുണ്ടായി. ഒരാഴ്‌ചയ്ക്കിടെ രണ്ടാമത്തെ വ്യാജ ഭീഷണിയാണിതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബയ് ഇൻഡിഗോ വിമാനം മുംബയിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.

വെള്ളിയാഴ്‌ച 177 യാത്രക്കാരുമായി പുറപ്പെട്ട ഡൽഹി- ശ്രീനഗർ വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ശ്രീനഗറിൽ അടിയന്തര ലാൻഡിംഗ് നടത്തി.

പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ 28ന് ബോംബ് ഭീഷണിയെത്തുടർന്ന്

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നു. പൈലറ്റുൾപ്പെടെ എമർജൻസി എക്സിറ്റിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. കുറച്ചുനാൾ മുമ്പ് ഡൽഹി,​ ബംഗളൂരു നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ആശങ്കയായിരുന്നു. യാത്രക്കാരുടെ സുരക്ഷ,​ ആശങ്ക,​ അടിയന്തരമായി ലാൻഡ് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ, ചെലവ്,​ സമയം,​ മറ്റു സർവീസുകളെ ബാധിക്കൽ തുടങ്ങി വ്യാജ ഭീഷണിയാലുണ്ടാകുന്ന പ്രതിസന്ധികൾ വലുതാണ്.

Advertisement
Advertisement