അന്വേഷണസംഘത്തോട് സഹകരിക്കാതെ പ്രജ്വൽ

Monday 03 June 2024 1:15 AM IST

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). തിര‌ഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഇന്ന് ഹാസിലെത്തിച്ചേക്കും. കസ്റ്റഡിയിൽ തുടരുന്ന പ്രജ്വലിനെ എസ്‌.ഐ.ടി ചോദ്യം ചെയ്‌തെങ്കിലും തുടർച്ചയായി രണ്ട് ദിവസവും ഒഴിഞ്ഞുമാറി. തനിക്കെതിരായ ഗൂഢാലോചനയാണ് കേസെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞതായാണ് റിപ്പോർട്ട്. ജർമ്മനിയിൽനിന്ന് തിരിച്ചെത്തിയ പ്രജ്വലിനെ വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ ഒളിവിൽ പോയതായാണ് വിവരം. കേസിന്റെ തുടക്കത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാറാണെന്ന് ഭവാനി അറിയിച്ചിരുന്നു. എന്നാൽ അന്വേഷണസംഘം വീട്ടിലെത്തിയപ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു. സഹകരിക്കാത്ത പക്ഷം എസ്.ഐ.ടി അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. മുൻകൂർ ജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.

ഹാസൻ മണ്ഡലത്തിലെ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പ്രചരിച്ചത്. ഏപ്രിൽ 26നാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ രണ്ടു സ്ത്രീകൾ പ്രജ്വലിനെതിരെ പരാതി നൽകുകയും ചെയ്തു.

Advertisement
Advertisement