ഡിന്നർ വിത്ത് 'Brothers-in-law'; അനിയത്തിമാരെല്ലാം അഹാനയെ കടത്തിവെട്ടുമോയെന്ന് ആരാധകർ

Monday 03 June 2024 12:08 PM IST

നടൻ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയാവുകയാണ്. സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയുടെ വരൻ. സെപ്തംബറിലാണ് അശ്വിന്റെയും ദിയയുടെയും വിവാഹം. അശ്വിനും കുടുംബവും പെണ്ണുകാണാൻ വരുന്ന വീഡിയോ ദിയ പങ്കുവച്ചിരുന്നു. ചടങ്ങിൽ മൂത്ത സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ അസാന്നിദ്ധ്യം ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ദിയയും അശ്വിനുമൊത്ത് അഹാന ഡിന്നർ കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.

പെണ്ണുകാണൽ ചടങ്ങ് നടന്ന ദിവസം അഹാന ചെന്നൈയിലാണെന്ന് യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ ദിയ വെളിപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയയുടൻ സഹോദരിയും ഭാവി ഭർത്താവും അമ്മ സിന്ധു കൃഷ്ണകുമാറും, സഹോദരിമാരായ ഇഷാനിയും ഹൻസികയും ഇഷാനിയുടെ സുഹൃത്ത് അർജുനുമൊത്ത് ഡിന്നർ ഔട്ടിംഗിനിറങ്ങുകയായിരുന്നു അഹാന. ഇഷാനിയും അർജുനും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അനിയത്തിമാരുടെ ഭാവി ഭർത്താക്കന്മാരോട് സൗഹൃദം പങ്കുവയ്ക്കുന്ന അഹാനയുടെ വീഡിയോ വൈറലാവുകയാണ്. അനിയത്തിമാരെല്ലാം അഹാനയെ കടത്തിവെട്ടുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

ദിയയുടെയും അശ്വിന്റെയും പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയിരുന്നു. പെണ്ണുകാണൽ ചടങ്ങ് നടക്കുമ്പോൾ കൃഷ്ണകുമാറും ഭാര്യയും ഇഷാനിയും ഹൻസികയുമാണ് വീട്ടിലുണ്ടായിരുന്നത്. തമിഴ് ആചാരപ്രകാരമായിരുന്നു പെണ്ണുകാണൽ ചടങ്ങ് നടന്നത്. പഴങ്ങളുമൊക്കെ ആയിട്ടായിരുന്നു അശ്വിന്റെ കുടുംബം എത്തിയത്. വീട്ടിലെത്തിയ ഉടൻ താംബൂലത്തിൽ മുല്ലപ്പൂവും പഴങ്ങളുമൊക്കെ അശ്വിന്റെ അമ്മ ക്രമീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. എല്ലാവർക്കും യൂട്യൂബ് ചാനലുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുകൃഷ്ണയും മക്കളായ അഹാന, ദിവ്യ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

Advertisement
Advertisement