കടലോരത്തോ, മലയിലോ ഇരുന്ന് പണിയെടുക്കാം, തൊഴിൽ സമ്മ‌ർദ്ദം ഒഴിവാക്കാൻ ലോകമാകെ ട്രെൻഡായി 'ഹഷ് വെക്കേഷൻ'

Monday 03 June 2024 12:42 PM IST

എന്നും ഒരേ തിരക്കുനിറഞ്ഞ ജോലിയും ഒപ്പം ടെൻഷനും കാരണം വീർപ്പുമുട്ടി കഴിയുന്നവർ നിരവധിയാണ്. മതിയായ ലീവോ കുടുംബത്തോടൊപ്പം ചെലവഴിക്കാനുളള സമയമോ സമ്പാദ്യമോ ഇല്ലാത്തത് അത്തരം ജോലിക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. ജീവിക്കാൻ ഒരു ജോലി എന്ന സ്വപ്‌നം അത്ര എളുപ്പമല്ലാത്തതിനാൽ പക്ഷെ മിക്കവരും ഇവ സഹിക്കാറുണ്ട്.

കൊവിഡ് കാലമായപ്പോൾ വീട്ടിലിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാൻ 'വർക് ഫ്രം ഹോം' എന്ന പുതിയ സംവിധാനം ലോകമാകെ നിലവിൽ വന്നു. വലിയ കമ്പനികൾ മുതൽ കുഞ്ഞൻ കമ്പനികൾ വരെ ഈ ജോലിസംവിധാനം വഴി സാമ്പത്തികമായി പിടിച്ചുനിന്നു. പിന്നീട് ജോലിക്കായി തിരികെ ഹാജരാകാൻ തൊഴിലാളികളോട് ആവശ്യപ്പെടുന്ന സമയമായി. ചിലവ പൂർണ സമയം ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ മറ്റ് ചില കമ്പനികൾ ആഴ്‌ചയിൽ നിശ്ചിത ദിവസങ്ങളിൽ ഓഫീസിലെത്തുകയും മറ്റ് ദിവസങ്ങളിൽ വീടുകളിൽ ഇരുന്ന് ജോലിചെയ്യാനും അനുവദിച്ചു.

ഈ സമയത്ത് പ്രചരിക്കുന്ന ഒരു ട്രെൻഡാണ് ഹഷ്-കേഷൻ അഥവാ ഹഷ് വെക്കേഷൻ എന്നത്. കമ്പനി, സ്ഥാപന ഓഫീസിൽ നിന്നും ഏറെ ദൂരങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഹഷ്-കേഷൻ ചെയ്യുന്നത്. വെക്കേഷൻ ആണെന്ന് അറിയിച്ച് ലീവ് എടുക്കാതെ വെക്കേഷൻ ലൈഫ് ആസ്വദിച്ച് ജോലി ചെയ്യുന്ന രീതിയാണിത്.

എന്തുകൊണ്ട് ഹഷ്-കേഷനുകൾ വ‌ർദ്ധിക്കുന്നു?​

ഓഫീസിന്റെ നിശ്ചിത ചട്ടക്കൂടിൽ ഇരുന്ന് ജോലിചെയ്യാനുള്ള താൽപര്യ കുറവ് മൂലം യുവാക്കളാണ് ഏറിയപങ്കും ഹഷ്-കേഷൻ ചെയ്യുന്നത്. ഇതിനായി അവർ ജോലി രാജിവയ്‌‌ക്കുകയോ അല്ലെങ്കിൽ എവിടെയാണ് തങ്ങളുള്ളതെന്ന് തൊഴിൽദാതാവിനോട് വ്യക്തമാക്കാതെ ജോലിയെടുക്കുകയോ ചെയ്യുകയാണ് പതിവ്.

മണിക്കൂറുകളോളം ജോലിക്കായി ചിലവഴിക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്യുന്നിടത്തോളം ഹഷ്-കേഷൻ ഒരു പ്രശ്‌‌നമാണോ എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. ശരിക്കും തൊഴിൽ-വീട് ബാലൻസിംഗ് ചെയ്യാനാകുന്നതാണ് ഹഷ്-കേഷൻസ് കൊണ്ട് ഇത്തരക്കാർക്ക് ലഭിക്കുന്ന ഗുണം. പർവതമുകളിലോ,​ റിസോർട്ടിലോ,​ ബീച്ചിലോ എവിടെവേണമെങ്കിലും ഇത്തരത്തിൽ വളരെ റിലാക്‌സ് ചെയ്‌ത് ജോലി ചെയ്യാൻ ഇവർക്കാകും.

സ്വന്തം തൊഴിൽമേഖലയിൽ സ്വയമേ നിയന്ത്രണമുണ്ടാകുക,​ സ്വന്തമായി തീരുമാനമെടുക്കാനാകുക തുടങ്ങിയ ഗുണങ്ങളുള്ളതാണ് മിക്കവരെയും ഹഷ്-കേഷനെ ഇഷ്‌ടപ്പെടാൻ ഇടയാക്കുന്നത്. ഇതിനെക്കുറിച്ച് മനശാസ്ത്ര വിദഗ്ദ്ധർ പറയുന്നതനുസരിച്ച് തങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് ജോലി ചെയ്യാനുള്ള അവകാശം വിനിയോഗിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. തൊഴിലിടത്തിലെ തന്റെ നിയന്ത്രണം നിശബ്‌ദമായി തങ്ങളിലേക്ക് തന്നെ തിരികെ കൊണ്ടുവരാൻ തൊഴിലുടമയുമായി നടത്തുന്ന ഒരു പോരാട്ടമായും ഇതിനെ കാണാം.

തൊഴിൽ സമ്മർദ്ദത്തിന്റെ പങ്ക്

ഇത്തരം മുൻപില്ലാത്ത ട്രെൻഡുകൾ ലോകവ്യാപകമാകാൻ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സമ്മർദ്ദവും പങ്കുവഹിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഡ് കാലത്തിന് ശേഷം നിശബ്‌ദമായി രാജിവച്ചൊഴിയുന്ന ക്വയറ്റ് ക്വിറ്റിംഗടക്കം വിവിധ പുത്തൻ ട്രെൻഡുകൾ തുടങ്ങി. തൊഴിലിലെ സമ്മർദ്ദമാണ് ഇതിന് കാരണം. തൊഴിൽ സമ്മർദ്ദം അകറ്റാൻ അൽപം വ്യത്യസ്‌തമായ ഐഡിയ നടപ്പാക്കുകയാണ് ഹഷ് വെക്കേഷൻ വഴി.

സ്വന്തം ജീവനക്കാരുടെ മാനസികാരോഗ്യത്തിനും നന്മയ്‌ക്കും ആഗോളതലത്തിൽ കമ്പനികൾ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം പുതിയ ട്രെൻഡിന് വഴിവയ്‌ക്കുന്നത്. തൊഴിലിടത്തിൽ അറിയിക്കാതെ ഇത്തരം അവധിക്ക് സമാനമായ ഹഷ്-കേഷനുകൾ എടുക്കുന്നത് തൊഴിൽനിയമങ്ങൾക്ക് വിരുദ്ധമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

തൊഴിൽ സമ്മർദ്ദം മൂലം താൽപര്യം നഷ്‌ടപ്പെട്ട് 20 ശതമാനത്തോളം പേർ ദിവസവും ജോലി രാജിവയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നു, മിക്കവരും തൊഴിൽസമ്മർദ്ദം കൂടി ജോലിയോട് താൽപര്യമില്ലെന്ന് സമ്മതിക്കുന്നു.

ഈ ട്രെൻഡിനെ കുറിച്ച് അറിയുന്നവർ കൂടുതൽ ഇതിലേക്ക് ആകൃഷ്‌ടരാകുന്നു. സമൂഹമാദ്ധ്യമങ്ങളും ഇതിന് കാരണമാണ്. ജോലിദിനത്തിൽ അവധിയ്ക്ക് അപേക്ഷിക്കാതിരിക്കുകയും എന്നാൽ ഹഷ്-കേഷന് പോയതായി മനസിലാക്കുകയും ചെയ്‌താൽ തൊഴിലിടത്തിലെ ഉന്നതാധികാരികൾ അത് ചോദ്യം ചെയ്യേണ്ടതാണ് എന്ന് ഒരുവിഭാഗം വാദിക്കുന്നു. തൊഴിലാളിയുടെ ഇതിലെ പ്രതികരണം അനുസരിച്ച് വേണം നടപടിയിലേക്ക് നീങ്ങാൻ. എന്നാൽ തൊഴിലിടത്തെ സമ്മർദ്ദം കുറയ്‌ക്കാൻ കമ്പനി തന്നെ നടപടിയെടുത്താൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

Advertisement
Advertisement