കോമഡി ഷോ കണ്ട് പൊട്ടിച്ചിരിച്ചു, ബോധം തെളിഞ്ഞത് ആശുപത്രിയിൽ എത്തിയ ശേഷം

Monday 03 June 2024 3:13 PM IST

ഹെെദരാബാദ്: ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ചിരി. ചിരിച്ചാൽ ആയുസ് കൂടുമെന്ന് പണ്ടുമുതൽ നാം കേൾക്കാറുണ്ട്. എന്നാൽ ആ ചിരി തന്നെ വിനയായാലോ?​ അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹെെദരാബാദിലാണ് സംഭവം നടക്കുന്നത്. 53കാരൻ ചിരി നിയമന്ത്രിക്കാൻ കഴിയാതെ ബോധം കെട്ട് വീഴുകയായിരുന്നു. ഇദ്ദേഹത്തെ പരിശോധിച്ച് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ സുധീർ കുമാറാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്.

കുടുംബത്തോടൊപ്പം ടിവിയിൽ ഒരു കോമഡി ഷോ കണ്ട് ചിരിച്ച് ഇരിക്കുകയായിരുന്നു 53കാരൻ. കുറച്ച് കഴിഞ്ഞ് അദ്ദേഹത്തിന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പെട്ടെന്നാണ് അയാളുടെ കെെയിൽ നിന്ന് ചായക്കപ്പ് താഴേക്ക് വീഴുകയും ശരീരം ഒരു ഭാഗത്തേക്ക് ചരിയുകയും ചെയ്തത്. പിന്നാലെ ബോധം പോയി. ഇത് കണ്ട കുടുംബാംഗങ്ങൾ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞ് 53കാരൻ കണ്ണ് തുറക്കുകയും എല്ലാവരെയും തിരിച്ചറിയുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ഓർമ്മയിലായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നതിന് മുൻപ് പൂർണമായി സുഖം പ്രാപിച്ചിരുന്നു.

ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർ പറയുന്നത്. അമിതമായി ചിരിച്ചതുമൂലമുണ്ടായ ബോധക്ഷയമാണ് അദ്ദേഹത്തിനുണ്ടായതെന്നാണ് റിപ്പോർട്ട്.

ഇത് ഒരു അപൂർവമായ അവസ്ഥയാണെന്ന് ഡോക്ടർ വിശദീകരിച്ചു. അമിതമായി ചിരിക്കുമ്പോൾ നെഞ്ചിനുള്ളിൽ സമ്മർദ്ദം വർദ്ധിക്കുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹൃദയമിടിപ്പ് കുറയുക,​ രക്തക്കുഴലുകൾ വികസിക്കുക. രക്തസമ്മർദ്ദം കുറയുക,​ ബോധം നഷ്ടപ്പെടുക എന്നിവ ഈ സമയത്ത് ഉണ്ടാകുന്നു.

അത്ര ഗൗരവമായ രോഗമല്ലെന്നാണ് വിദഗ്ദ്ധ‌ർ പറയുന്നത്. ഇതിനായി പ്രത്യേകം മരുന്ന് കഴിക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചില പരിശോധനകൾ ഡോക്ടർ ചെയ്യാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കണമെന്നും തലക്കറക്കം തോന്നുകയാണെങ്കിൽ കുറച്ച് നേരം കിടക്കണമെന്നും ഡോക്ടർ നിർദേശിച്ചു.

Advertisement
Advertisement