കന്യാകുമാരിയിലെ ഉദയസൂര്യന്‍ എന്റെ ചിന്തകള്‍ക്ക് പുതിയ ഉയരങ്ങള്‍ നല്‍കി

Monday 03 June 2024 4:26 PM IST


എന്റെ സഹ ഇന്ത്യക്കാരെ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ മാതാവായ നമ്മുടെ രാജ്യത്ത് ഇന്ന് സമാപിച്ചിരിക്കുന്നു. കന്യാകുമാരിയിൽ മൂന്ന് ദിവസത്തെ ആത്മീയ യാത്രയ്ക്ക് ശേഷം ഞാൻ ഡൽഹിയിലേക്ക് വിമാനം കയറിയതേയുള്ളൂ.പകൽ മുഴുവൻ, കാശിയും മറ്റ് നിരവധി സീറ്റുകളും വോട്ടെടുപ്പിന്റെ തിരക്കിലായിരുന്നു. എന്റെ മനസ്സ് ഒരുപാട് അനുഭവങ്ങളും വികാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു... എന്റെയുള്ളിൽ അതിരുകളില്ലാത്ത ഊർജപ്രവാഹം അനുഭവപ്പെടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അമൃതകാലത്തെ ആദ്യത്തേതാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നാടായ മീററ്റിൽ നിന്ന് ഏതാനും മാസങ്ങൾക്കുമുമ്പാണു ഞാൻ എന്റെ പ്രചാരണം ആരംഭിച്ചത്. അതിനുശേഷം, നമ്മുടെ മഹത്തായ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ഞാൻ സഞ്ചരിച്ചു.

ഈ തിരഞ്ഞെടുപ്പുകളുടെ അവസാന റാലി എന്നെ, മഹാഗുരുക്കളുടെ നാടും സന്ത് രവിദാസ്ജിയുമായി ബന്ധപ്പെട്ടതുമായ പഞ്ചാബിലെ ഹോഷിയാർപുരിലേക്ക് കൊണ്ടുപോയി. അതിനുശേഷം, ഞാൻ കന്യാകുമാരിയിൽ, ഭാരതമാതാവിന്റെ കാൽക്കൽ എത്തി. തിരഞ്ഞെടുപ്പിന്റെ ആവേശം എന്റെ ഹൃദയത്തിലും മനസ്സിലും പ്രതിധ്വനിക്കുന്നത് സ്വാഭാവികമാണ്. റാലികളിലും റോഡ് ഷോകളിലും കണ്ട അനേകം മുഖങ്ങൾ എന്റെ കൺമുന്നിൽ വന്നു. നമ്മുടെ നാരീശക്തിയിൽ നിന്നുള്ള അനുഗ്രഹങ്ങൾ...വിശ്വാസം, വാത്സല്യം, ഇതെല്ലാം വളരെ വിനീതമായ അനുഭവമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... ഞാൻ ഒരു 'സാധന'യിലേക്ക് (ധ്യാനാവസ്ഥയിൽ) പ്രവേശിച്ചു. അതിനുശേഷം, ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾ, ആക്രമണ-പ്രത്യാക്രമണങ്ങൾ, തെരഞ്ഞെടുപ്പിന്റെ സവിശേഷതയായ ആരോപണ ശബ്ദങ്ങളും വാക്കുകളും... അവയെല്ലാം ശൂന്യതയിലേക്ക് അപ്രത്യക്ഷമായി. ഒരുതരത്തിലുള്ള വിരക്തി എന്റെ ഉള്ളിൽ വളർന്നു വന്നു...എന്റെ മനസ്സ് ബാഹ്യലോകത്തിൽ നിന്നും പൂർണമായും വേർപെട്ടു. അത്തരം വലിയ ഉത്തരവാദിത്വങ്ങൾക്കിടയിൽ ധ്യാനം വെല്ലുവിളി നിറഞ്ഞതാകും. എന്നാൽ കന്യാകുമാരി ഭൂമികയും സ്വാമി വിവേകാനന്ദന്റെ പ്രചോദനവും അതിനെ അനായാസമാക്കി. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ ഞാൻ എന്റെ പ്രചാരണം കാശിയിലെ പ്രിയപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിച്ച് ഇവിടെയെത്തി. ജനനം മുതൽ ഞാൻ വിലമതിക്കുകയും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്ത ഈ മൂല്യങ്ങൾ എന്നിൽ പകർന്നുനൽകിയ ദൈവത്തോടും ഞാൻ നന്ദിയുള്ളവനാണ്. കന്യാകുമാരിയിലെ ഈ സ്ഥലത്ത് സ്വാമി വിവേകാനന്ദൻ ധ്യാനിക്കുമ്പോൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാനും ചിന്തിച്ചിരുന്നു! എന്റെ ധ്യാനത്തിന്റെ ഒരു ഭാഗം സമാനമായ ചിന്തകളുടെ ധാരയായി. ഈ വിരക്തികൾക്കിടയിൽ, സമാധാനത്തിനും നിശബ്ദതയ്ക്കുമിടയിൽ, ഭാരതത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച്, ഭാരതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എന്റെ മനസ്സ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു.

കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങളെ വികസിപ്പിച്ചു; ചക്രവാളത്തിന്റെ വിശാലത പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്ന ഐക്യം, ഏകത്വം എന്നിവ എന്നെ നിരന്തരം ബോധ്യപ്പെടുത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ് ഹിമാലയത്തിന്റെ മടിത്തട്ടിൽ നടത്തിയ നിരീക്ഷണങ്ങളും അനുഭവങ്ങളും പുനരുജ്ജീവിപ്പിക്കപ്പെടുന്നതായി തോന്നി. സുഹൃത്തുക്കളേ, കന്യാകുമാരി എന്നും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഇടമാണ്. ശ്രീ ഏകനാഥ് റാനഡെ ജിയുടെ നേതൃത്വത്തിലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ സ്മാരകം നിർമ്മിച്ചത്. ഏകനാഥ് ജിയോടൊപ്പം ധാരാളം യാത്ര ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ സ്മാരകത്തിന്റെ നിർമ്മാണ വേളയിൽ കന്യാകുമാരിയിലും കുറച്ചു സമയം ചിലവഴിക്കാൻ അവസരം ലഭിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെ... രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ, ആഴത്തിൽ വേരൂന്നിയ പൊതു സ്വത്വമാണിത്. ശക്തിമാതാവ് കന്യാകുമാരിയായി അവതരിച്ച 'ശക്തിപീഠം' (ശക്തിയുടെ ഇരിപ്പിടം) ഇതാണ്. ഈ തെക്കേ അറ്റത്ത്, ശക്തിമാതാവ് ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഹിമാലയത്തിൽ വസിക്കുന്ന ഭഗവാൻ ശിവനായി തപസ്സനുഷ്ഠിക്കുകയും കാത്തിരിക്കുകയും ചെയ്തു.

സംഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ രാജ്യത്തെ പുണ്യനദികൾ വിവിധ സമുദ്രങ്ങളിലേക്ക് ഒഴുകുന്നു, ഇവിടെ ആ കടലുകൾ തന്നെ സംഗമിക്കുന്നു. ഇവിടെ നാം മറ്റൊരു മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുന്നു; ഭാരതത്തിന്റെ പ്രത്യയശാസ്ത്ര സംഗമത്തിന്! ഇവിടെ, വിവേകാനന്ദപ്പാറ സ്മാരകം, വിശുദ്ധ തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ഗാന്ധി മണ്ഡപം, കാമരാജർ മണിമണ്ഡപം എന്നിവ കാണാം. ഈ മഹാരഥരിൽ നിന്നുള്ള ഈ ചിന്താധാരകൾ ഇവിടെ ഒത്തുചേർന്ന് ദേശീയ ചിന്തയുടെ സംഗമം സൃഷ്ടിക്കുന്നു. ഇത് രാഷ്ട്രനിർമ്മാണത്തിന് വലിയ പ്രചോദനങ്ങൾ നൽകുന്നു. കന്യാകുമാരിയിലെ ഈ ഭൂമി ഐക്യത്തിന്റെ മായാത്ത സന്ദേശമാണ് നൽകുന്നത്; പ്രത്യേകിച്ച് ഭാരതത്തിന്റെ ദേശീയതയെയും ഐക്യബോധത്തെയും സംശയിക്കുന്ന ഏതൊരു വ്യക്തിക്കും. കന്യാകുമാരിയിലെ വിശുദ്ധ തിരുവള്ളുവരുടെ മഹത്തായ പ്രതിമ കടലിൽ നിന്ന് ഭാരതമാതാവിന്റെ വിശാലതയിലേക്ക് നോക്കുന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ കൃതിയായ തിരുക്കുറൾ മനോഹരമായ തമിഴ് ഭാഷയുടെ മകുടോദാഹരണങ്ങളിലൊന്നാണ്. ഇത് ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു, നമുക്കും രാജ്യത്തിനും വേണ്ടി ഏറ്റവും മികച്ചത് നൽകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇത്രയും വലിയ വ്യക്തിത്വത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, 'ഓരോ രാജ്യത്തിനും നൽകാൻ ഒരു സന്ദേശമുണ്ട്, നിറവേറ്റാൻ ഒരു ദൗത്യമുണ്ട്, എത്തിച്ചേരാൻ ഒരു വിധിയുണ്ട്'. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ഈ അർത്ഥവത്തായ ലക്ഷ്യബോധത്തോടെയാണ് മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ആശയങ്ങളുടെ കളിത്തൊട്ടിലാണ് ഭാരതം. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ സാമ്പത്തികമോ ഭൗതികമോ ആയ അളവുകോലുകൾ ഉപയോഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. അതിനാൽ, 'ഇദം-ന-മമ' (ഇത് എന്റേതല്ല) ഭാരതത്തിന്റെ സ്വഭാവത്തിന്റെ അന്തർലീനവും സ്വാഭാവികവുമായ ഭാഗമായി മാറിയിരിക്കുന്നു.

ഭാരതത്തിന്റെ ക്ഷേമം നമ്മുടെ ഭൂമിയുടെ പുരോഗതിയിലേക്കുള്ള യാത്രയ്ക്കും പ്രയോജനം ചെയ്യുന്നു. സ്വാതന്ത്ര്യ സമരം ഉദാഹരണമായി നോക്കാം. 1947 ഓഗസ്റ്റ് 15ന് ഭാരതം സ്വാതന്ത്ര്യം നേടി. അക്കാലത്ത് ലോകത്തെ പല രാജ്യങ്ങളും കോളനിവാഴ്ചയുടെ കീഴിലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ യാത്ര ആ രാജ്യങ്ങളിൽ പലതിനും സ്വാതന്ത്ര്യം നേടാൻ പ്രചോദനമേകുകയും ശാക്തീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കുശേഷം, നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്ന കോവിഡ്-19 മഹാമാരിയെ ലോകം മുഖാമുഖം കണ്ടപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നു. ദരിദ്രരെയും വികസ്വര രാജ്യങ്ങളെയും കുറിച്ച് ആശങ്കകൾ ഉയർന്നപ്പോൾ, ഭാരതത്തിന്റെ വിജയകരമായ ശ്രമങ്ങൾ പല രാജ്യങ്ങൾക്കും ധൈര്യവും സഹായവും നൽകി. ഇന്ന് ഭാരതത്തിന്റെ ഭരണ മാതൃക ലോകമെമ്പാടുമുള്ള പല രാജ്യങ്ങൾക്കും മാതൃകയായി മാറിയിരിക്കുന്നു. വെറും 10 വർഷത്തിനുള്ളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ പ്രാപ്തരാക്കുക എന്നത് അഭൂതപൂർവമായ കാര്യമാണ്. ജനോപകാരപ്രദമായ സദ്ഭരണം, വികസനം കാംക്ഷിക്കുന്ന ജില്ലകൾ, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾ തുടങ്ങിയ നൂതന സമ്പ്രദായങ്ങൾ ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ദരിദ്രരെ ശാക്തീകരിക്കുന്നത് മുതൽ ഏതറ്റംവരെയുമുള്ള വിതരണം വരെയുള്ള ഞങ്ങളുടെ ശ്രമങ്ങൾ, സമൂഹത്തിന്റെ അവസാനപടിയിൽ നിൽക്കുന്ന വ്യക്തികൾക്ക് മുൻഗണന നൽകി ലോകത്തിനു പ്രചോദനമായി. ദരിദ്രരെ ശാക്തീകരിക്കാനും സുതാര്യത കൊണ്ടുവരാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന ഭാരതത്തിന്റെ ഡിജിറ്റൽ ഇന്ത്യ യജ്ഞം ഇപ്പോൾ ലോകമെമ്പാടും മാതൃകയാണ്.

ദരിദ്രർക്കുള്ള വിവരങ്ങളുടെയും സേവനങ്ങളുടെയും എത്തിച്ചേരൽ ഉറപ്പാക്കുന്നതിലൂടെ ഭാരതത്തിലെ ചെലവുകുറഞ്ഞ ഡാറ്റ സാമൂഹ്യസമത്വത്തിനുള്ള മാർഗമായി മാറുകയാണ്. ലോകം മുഴുവൻ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിന് സാക്ഷ്യം വഹിക്കുകയും പഠിക്കുകയും ചെയ്യുന്നു. കൂടാതെ, നമ്മുടെ മാതൃകയിൽ നിന്നുള്ള ഘടകങ്ങൾ സ്വീകരിക്കാൻ പ്രമുഖ ആഗോള സ്ഥാപനങ്ങൾ പല രാജ്യങ്ങളെയും ഉപദേശിക്കുന്നു. ഇന്ന്, ഭാരതത്തിന്റെ പുരോഗതിയും ഉയർച്ചയും ഭാരതത്തിനായുള്ള സുപ്രധാന അവസരം മാത്രമല്ല, ലോകമെമ്പാടുമുള്ള നമ്മുടെ പങ്കാളികളായ എല്ലാ രാജ്യങ്ങൾക്കും ചരിത്രപരമായ അവസരം കൂടിയാണ്. ജി-20 ഉച്ചകോടിയുടെ വിജയത്തിനുശേഷം, ലോകം ഭാരതത്തിന് ഒരു വലിയ പങ്ക് വിഭാവനം ചെയ്യുകയാണ്. ഇന്ന്, ഗ്ലോബൽ സൗത്തിന്റെ കരുത്തുറ്റതും പ്രധാനപ്പെട്ടതുമായ ശബ്ദമായി ഭാരതം അംഗീകരിക്കപ്പെടുന്നു. ഭാരതത്തിന്റെ മുൻകൈയിൽ ആഫ്രിക്കൻ യൂണിയൻ ജി-20 സംഘത്തിന്റെ ഭാഗമായി. ആഫ്രിക്കൻ രാജ്യങ്ങളുടെ ഭാവിയിൽ ഇത് നിർണായക വഴിത്തിരിവാകും. സുഹൃത്തുക്കളേ, ഭാരതത്തിന്റെ വികസന പാത നമ്മിൽ അഭിമാനവും മഹത്വവും നിറയ്ക്കുന്നു, എന്നാൽ അതേ സമയം, അത് 140 കോടി പൗരന്മാരെയും അവരുടെ ഉത്തരവാദിത്വങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇനി, ഒരു നിമിഷം പോലും പാഴാക്കാതെ, വലിയ കടമകളിലേക്കും വലിയ ലക്ഷ്യങ്ങളിലേക്കും നാം മുന്നേറണം. നാം പുതിയ സ്വപ്നങ്ങൾ കാണുകയും അവ യാഥാർത്ഥ്യമാക്കി മാറ്റുകയും ആ സ്വപ്നങ്ങളിൽ ജീവിക്കുകയും വേണം. ഭാരതത്തിന്റെ വികസനത്തെ നാം ആഗോള പശ്ചാത്തലത്തിൽ കാണണം. ഇതിനായി ഭാരതത്തിന്റെ ആന്തരിക കഴിവുകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നാം ഭാരതത്തിന്റെ ശക്തികളെ അംഗീകരിക്കുകയും അവയെ പരിപോഷിപ്പിക്കുകയും ലോകത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുകയും വേണം.

ഇന്നത്തെ ആഗോള സാഹചര്യത്തിൽ, യുവജനങ്ങൾ നിറഞ്ഞ രാഷ്ട്രമെന്ന നിലയിൽ ഭാരതത്തിന്റെ കരുത്ത് ഒരവസരമാണ്; ഇവിടെ നിന്നു നാം പിന്തിരിയേണ്ടതില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകം നിരവധി പ്രതീക്ഷകളോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. ആഗോള സാഹചര്യത്തിൽ മുന്നോട്ട് പോകാൻ നമുക്ക് നിരവധി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നമ്മുടെ പരമ്പരാഗത ചിന്താഗതിയും മാറ്റേണ്ടതുണ്ട്. ഭാരതത്തിന് പരിഷ്‌കരണത്തെ കേവലം സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് പരിമിതപ്പെടുത്താനാകില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്‌കാരങ്ങൾ 2047-ഓടെ 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന അഭിലാഷങ്ങളുമായി പൊരുത്തപ്പെടണം. ആഴവും സാധ്യതകളുമില്ലാത്ത പ്രക്രിയയായി പരിഷ്‌കരണത്തെ മാറ്റാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും നാം മനസ്സിലാക്കണം. അതിനാൽ, രാജ്യത്തിന് വേണ്ടിയുള്ള പരിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നീ കാഴ്ചപ്പാടുകൾ ഞാൻ മുന്നോട്ടുവച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. അതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ ഉദ്യോഗസ്ഥവൃന്ദം പ്രവർത്തനം നടത്തുന്നു. ജനപങ്കാളിത്തമെന്ന മനോഭാവത്തോടെ ജനങ്ങൾ ചേരുമ്പോൾ, പരിവർത്തനം സംഭവിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. നമ്മുടെ രാജ്യത്തെ 'വികസിത ഭാരത'മാക്കുന്നതിനു നാം മികവിനെ അടിസ്ഥാനമാക്കണം. വേഗത, തോത്, സാധ്യത, മാനദണ്ഡങ്ങൾ എന്നീ നാല് ദിശകളിലും നാം വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഉൽപ്പാദനത്തിനൊപ്പം, ഗുണനിലവാരത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുകയും 'സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ്' എന്ന തത്വം പാലിക്കുകയും വേണം.

സുഹൃത്തുക്കളേ, ഭാരതഭൂമിയിൽ ദൈവം നമുക്ക് ജന്മം നൽകി അനുഗ്രഹിച്ചതിൽ ഓരോ നിമിഷവും നാം അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ യാത്രയിൽ നമ്മുടെ പങ്ക് നിറവേറ്റാനും ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ആധുനിക പശ്ചാത്തലത്തിൽ പ്രാചീന മൂല്യങ്ങളെ ഉൾക്കൊണ്ട്, നമ്മുടെ പൈതൃകത്തെ ആധുനിക രീതിയിൽ പുനർനിർവചിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ, കാലഹരണപ്പെട്ട ചിന്തകളെയും വിശ്വാസങ്ങളെയും നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസമില്ലാത്തവരുടെ സമ്മർദ്ദത്തിൽ നിന്ന് നമ്മുടെ സമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്. നിഷേധാത്മകതയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് വിജയം കൈവരിക്കുന്നതിനുള്ള ആദ്യപടിയെന്ന് നാം ഓർക്കണം. ശുഭചിത്തതയുടെ മടിത്തട്ടിലാണു വിജയം വിരിയുന്നത്. ഭാരതത്തിന്റെ അനന്തവും ശാശ്വതവുമായ കരുത്തിലുള്ള എന്റെ വിശ്വാസവും ഭക്തിയും അനുദിനം വളരുകയാണ്. കഴിഞ്ഞ 10 വർഷമായി, ഭാരതത്തിന്റെ ഈ കഴിവ് കൂടുതൽ വളരുന്നത് ഞാൻ കാണുകയും അത് നേരിട്ട് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദശകങ്ങൾ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകരാൻ നാം ഉപയോഗപ്പെടുത്തിയതുപോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ 25 വർഷങ്ങളിൽ നാം 'വികസിത ഭാരത'ത്തിന് അടിത്തറയിടണം. സ്വാതന്ത്ര്യസമരം വലിയ ത്യാഗങ്ങൾക്ക് ആഹ്വാനം ചെയ്ത കാലമായിരുന്നു. ഇന്നത്തെ കാലം എല്ലാവരിൽ നിന്നും മഹത്തായതും സുസ്ഥിരവുമായ സംഭാവനകൾ ആവശ്യപ്പെടുന്നു.

1897ൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത്, ഇനിയുള്ള 50 വർഷം നാം രാജ്യത്തിന് വേണ്ടി മാത്രം സമർപ്പിക്കണമെന്നാണ്. ഈ ആഹ്വാനം കഴിഞ്ഞ് കൃത്യം 50 വർഷങ്ങൾക്ക് ശേഷം, 1947 ൽ ഭാരതം സ്വാതന്ത്ര്യം നേടി. അതേ സുവർണ്ണാവസരമാണ് ഇന്ന് നമുക്കുള്ളത്. ഇനിയുള്ള 25 വർഷം നമുക്ക് രാജ്യത്തിന് വേണ്ടി സമർപ്പിക്കാം. നമ്മുടെ പരിശ്രമങ്ങൾ വരുംതലമുറകൾക്കും വരും നൂറ്റാണ്ടുകൾക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. നാടിന്റെ ഊർജവും ആവേശവും നോക്കുമ്പോൾ ലക്ഷ്യം ഇപ്പോൾ അകലെയല്ലെന്ന് എനിക്കു പറയാനാകും. നമുക്ക് ദ്രുതഗതിയിൽ ചുവടുകൾ വയ്ക്കാം... നമുക്കൊരുമിച്ച് വികസിത ഭാരതം സൃഷ്ടിക്കാം.

ജൂൺ 1 വൈകിട്ട് 4.15 നും 7 നും ഇടയിൽ കന്യാകുമാരിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിലിരുന്ന് പ്രധാനമന്ത്രി മോദി കുറിച്ച വരികളാണിത്.

Advertisement
Advertisement