ഇനിയെന്നു വരും പുതിയ ഡാം?

Tuesday 04 June 2024 12:28 AM IST

മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത് കഠിനമായ വരൾച്ച അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ കമ്പം, തേനി, ഡിണ്ടിഗൽ, മധുര, രാമനാഥപുരം ജില്ലകളിലെ കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കാനായിരുന്നു. സുർക്കി, ചുണ്ണാമ്പ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചു നിർമ്മിച്ച ഡാമിന് പരമാവധി ആയുസ് 60 വർഷമെന്നാണ് നിർമ്മാണം പൂർത്തിയായ 1895-ൽ കണക്കാക്കിയിരുന്നത്. ഇപ്പോൾ അതിന്റെ ഇരട്ടി വയസ്സായി. പുതിയ ഡാം വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ പഴയ ഡാം സുശക്തമാണെന്നും പുതിയതിന്റെ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്റെ നിലപാട്. സുപ്രീംകോടതിയുടെ 2014-ലെ ഒരു വിധി പ്രകാരം തമിഴ്നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ ഡാം നിർമ്മിക്കാനാവില്ല. എന്നാൽ ഈ വിധി വന്നതിനു ശേഷമാണ് 2018-ലും 19-ലും കേരളത്തിൽ പ്രളയവും ഉരുൾപൊട്ടലും മറ്റും ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു പിന്നിലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പുതിയ പരിസ്ഥിതി ആഘാത പഠനം നടത്തി അതിന്റെ അടിസ്ഥാനത്തിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കണമെന്നാണ് സംസ്ഥാനം ന്യായമായും ആവശ്യപ്പെട്ടുവരുന്നത്. എന്നാൽ ഇക്കാര്യത്തിൽ തമിഴ്‌നാട് ഒരു വിട്ടുവീഴ‌്ചയ്ക്കും തയ്യാറാകുന്നില്ലെന്നു മാത്രമല്ല,​ ഡാം നിർമ്മാണത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ തമിഴ്‌നാടിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവിനെ സംബന്ധിച്ചല്ല തർക്കം. അതേസമയം തമിഴ്‌നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ചുള്ള തർക്കം തമിഴ്‌നാടിന് അർഹമായ വെള്ളം ലഭ്യമാക്കാതെ കർണാടക തടയുന്നു എന്നതാണ്. മുല്ലപ്പെരിയാറിൽ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തിപ്പോലും കൂടുതൽ ജലം തമിഴ്‌നാടിന് വിട്ടുനൽകുകയാണ് കേരളം ചെയ്യുന്നത്. കേരളം വിട്ടുനൽകുന്ന ജലംകൊണ്ട് തമിഴ്‌നാട് വൈദ്യുതിയും ഉത്‌പാദിപ്പിക്കുന്നു. കേരളത്തിൽ സ്ഥിതിചെയ്യുന്ന ഡാമിന്റെ പ്രവർത്തന മേൽനോട്ടം തമിഴ്‌നാടിനാണ്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് തമിഴ്‌നാടിന് ഗുണമല്ലാതെ ഒരു ദോഷവും സംഭവിച്ചിട്ടില്ല.

കാലപ്പഴക്കം ചെന്ന അണക്കെട്ടിന് പലതവണ ചോർച്ചയുണ്ടാവുകയും അത് അടയ്ക്കുകയും ചെയ്യുന്നത് ഇടയ്ക്കിടെ ആവർത്തിക്കുന്ന സംഗതിയാണ്. ശക്തമായ വെള്ളപ്പാച്ചിൽ പ്രതിരോധിക്കാൻ ഈ ഡാമിനു കഴിയില്ലെന്നും അണക്കെട്ടിന്റെ താഴ്‌വരയിൽ താമസിക്കുന്നവർക്കു മാത്രമല്ല,​ സമീപ ജില്ലകളിലുള്ളവർക്കും സുരക്ഷാഭീഷണിയാണ് ഡാമെന്നും കേരളം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് ഉന്നത കോടതിയെയും കേന്ദ്ര സർക്കാരിന്റെ കമ്മിറ്റികളെയും പരിപൂർണമായി ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. തിരിച്ചായിരുന്നു ഈ ഭീഷണിയെങ്കിൽ എന്നേ തമിഴ്‌നാട് പുതിയ ഡാമിന് ശബ്ദമുയർത്തുമായിരുന്നു. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ നീക്കത്തെ നിഷ്‌പക്ഷമായി വിലയിരുത്തുന്ന ആർക്കും തള്ളിക്കളയാനാകില്ല. തമിഴ്നാടിന് ജലം നൽകില്ലെന്ന് കേരളം പറയുന്നില്ല. ജലം നൽകുമ്പോൾത്തന്നെ കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നേ പറയുന്നുള്ളൂ.

എന്നാൽ,​ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേരളത്തിന്റെ നടപടികൾ കോടതി അലക്ഷ്യമാണെന്നും പിന്മാറണമെന്നുമാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. പുതിയ അണക്കെട്ടിനായി പാരിസ്ഥിതിക അനുമതിക്ക് കേരളം ശ്രമിച്ചതാണ് തമിഴ്‌‌നാടിനെ ചൊടിപ്പിച്ചത്. തമിഴ്‌നാടിന്റെ എതിർപ്പു കാരണം പരിസ്ഥിതി അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കാനിരുന്ന യോഗം പരിസ്ഥിതി മന്ത്രാലയം ഉപേക്ഷിക്കുകയാണ് ചെയ്തത്. എന്തുവന്നാലും പുതിയ ഡാമിന്റെ ആവശ്യവുമായി കേരളം മുന്നോട്ടു പോകണം. തമിഴ്‌നാടിന്റെ അനുമതിയോടെയേ കേരളത്തിന് ഡാം നിർമ്മിക്കാനാവൂ എന്നു വിധിച്ച സുപ്രീംകോടതിക്കുതന്നെ പുതിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡാം നിർമ്മിക്കാൻ ആ വ്യവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂ. ഇരു ജനവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും സമരങ്ങൾക്കും മറ്റും വഴിവയ്‌ക്കാതെ നിയമ, ഭരണ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമം കേരളം തുടരണം.

Advertisement
Advertisement