വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച സംഭവം: രണ്ട് യുവാക്കൾ പിടിയിൽ

Tuesday 04 June 2024 1:30 AM IST

ബാലരാമപുരം: ജോലിക്ക് പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ ബാലരാമപുരം പൊലീസിന്റെ പിടിയിൽ. കിളിമാനൂർ വിളവൂർക്കോണം അണവിള വീട്ടിൽ ജ്യോതി വിജയകുമാർ(28)​,​ അരുവിക്കര കിഴക്കേക്കര മൈലാടുംപാറയിൽ വിനീത് (29) എന്നിവരാണ് അറസ്റ്റിലായത്. കോഴോട് ശക്തിവിലാസം ബംഗ്ലാവിൽ സജിലയുടെ(57)​ മാലയാണ് അക്രമികൾ പൊട്ടിച്ച് കടന്നത്.​ കഴിഞ്ഞ 22 ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഉച്ചക്കടക്ക് സമീപം ഇടവഴിക്കരയിൽ ബസ് ഇറങ്ങി സിസിലിപുരത്ത് വിഗ്സ് മാർക്കറ്റിൽ ജോലിക്കായി നടന്നുപോകവെയാണ് ബൈക്കിലെത്തിയ യുവാക്കൾ സജിലയുടെ രണ്ടേകാൽപ്പവന്റെ മാല പൊട്ടിച്ചെടുത്തത്. തുടർന്ന് പൊലീസ് സംഘം 70 ഓളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്നുള്ള തെരച്ചിലിൽ ജൂൺ ഒന്നിന് പുന്നാവൂരിന് സമീപം വച്ച് ഇവരെ പിടികൂടുകയുമായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ,​ ബാലരാമപുരം എസ്.എച്ച്.ഒ ഇൻ ചാർജ് സുഭാഷ് കുമാർ,​ പ്രിൻസിപ്പൽ എസ്.ഐ ജ്യോതിസുധാകർ,​ അഡീഷണൽ എസ്.ഐ. കൃഷ്ണകുമാർ,​ ഗ്രേഡ് എസ്.സി.പി.ഒമാരായ അരുൺ,​ പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ബന്ധുക്കളാണ്. യുവാക്കൾ ഓടിച്ചിരുന്ന പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement