കരുതലിന്റെ പച്ചത്തുരുത്തുകൾ

Tuesday 04 June 2024 12:36 AM IST

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യരാശിയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ പരിസ്ഥിതിദിനം കടന്നുവരുന്നത്. ഭൂപുനഃസ്ഥാപനം, മരുവൽക്കരണം തടയൽ, വരൾച്ചാ പ്രതിരോധം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാണ് ഈ വ‌ർഷത്തെ പരിസ്ഥിതിദിന പരിപാടികൾ ലോകമെങ്ങും നടക്കുന്നത്. 2021 മുതൽ ഒരു ദശാബ്ദക്കാലം പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പതിറ്റാണ്ടായി യു.എൻ.ഇ.പി പ്രഖ്യാപിച്ചിട്ടുള്ളതിന്റെ ഭാഗമായാണ് ഈ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.


കേരളത്തെ സംബന്ധിച്ചിടത്തോളം,​ പ്രളയവും പ്രളയസമാനമായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ തുടർച്ചയായി നേരിടേണ്ടിവരുന്ന നാളുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഇവയൊന്നും ഒറ്റപ്പെട്ടതല്ലെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും വിദഗ്ദ്ധർ ജാഗ്രതപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരം ദുരിതം സംസ്ഥാനത്ത് പലയിടത്തും നേരിടേണ്ടി വന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ ഇത്തരം രൂക്ഷ ദുരിതങ്ങൾ ആവർത്തിക്കാനുള്ള സാദ്ധ്യത വർദ്ധിച്ചുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകി,​ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ സംസ്ഥാനത്തിന്റെ സാദ്ധ്യമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നേരിടാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

നമ്മൾ ഏറെ

മുമ്പേ


യു.എൻ.ഇ.പിയുടെ 'പരിസ്ഥിതി പുനഃസ്ഥാപന പതിറ്റാണ്ട്" പ്രഖ്യാപനത്തിനും മുമ്പ്,​ 2016-ൽത്തന്നെ സംസ്ഥാന സർക്കാരിനു കീഴിൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കായി 'ഹരിതകേരളം മിഷൻ" രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2018-ലെ പ്രളയ ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ഭൂപ്രദേശങ്ങളെ വീണ്ടെടുക്കുന്നതിനും,​ ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുന്നതിനും,​ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ട് രൂപം നല്കിയ കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ വിപുലമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്.


കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ,​ ഒരോ പ്രദേശത്തിനും അനുയോജ്യമായ സൂക്ഷ്മ തലത്തിലുള്ള ഇടപെടലുകളാണ് പ്രായോഗികവും അഭികാമ്യവും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇത്തരം പ്രവർത്തനങ്ങൾ കേവലം സർക്കാർ പരിപാടികളായി മാത്രം നടത്താനാവില്ലെന്ന ബോദ്ധ്യത്തോടെ,​ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനാണ് ഹരിത കേരളം മിഷൻ നേതൃത്വം നൽകി വരുന്നത്.

പച്ചത്തുരുത്ത്

പറയുന്നത്


പ്രകൃതി സമ്പത്തുകൊണ്ട് അനുഗൃഹീതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ ഹരിതാവരണം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന ബോദ്ധ്യത്തിൽ നിന്നാണ് 'അതിജീവനത്തിനായി പ്രാദേശിക ജൈവ വൈവിദ്ധ്യത്തിന്റെ പച്ചത്തുരുത്തുകൾ" എന്ന പദ്ധതി ഹരിത കേരളം മിഷനിലൂടെ ഏറ്റെടുത്തത്. ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് നിയന്ത്രിച്ചു നിറുത്താനുള്ള വൃക്ഷങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തലാണ് അതിനു പിന്നിലെ പ്രവർത്തനതത്വം. തരിശിട്ടിരിക്കുന്ന പൊതു- സ്വകാര്യ സ്ഥലങ്ങളിൽ, ആ പ്രദേശത്തിന്റെ സവിശേഷതകൾക്കിണങ്ങുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി രൂപപ്പെടുത്തുന്ന ചെറുവൃക്ഷക്കൂട്ടങ്ങളെയാണ് 'പച്ചത്തുരുത്ത്" എന്നു വിളിക്കുന്നത്.


സാദ്ധ്യമായ സ്ഥലങ്ങളിൽ സ്വാഭാവിക വനത്തിന്റെ മാതൃകയിൽത്തന്നെ പച്ചത്തുരുത്ത് രൂപപ്പെടുത്താം. സ്‌കൂളുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഔഷധ സസ്യങ്ങളോ ഫലവൃക്ഷങ്ങളോ ആകാം. കാവുകളുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2019-ലെ ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്തെ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട്ട്,​ ആറു സെന്റ് ഭൂമിയിൽ തുടക്കം കുറിച്ച 'പച്ചത്തുരുത്ത്" പദ്ധതി അഞ്ചു വർഷം കൊണ്ട് 856.23 ഏക്കറിൽ 2,950 പച്ചത്തുരുത്തുകളായി വ്യാപിച്ചു കഴിഞ്ഞു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആയിരം പച്ചത്തുരുത്തുകളുടെ വ്യാപനത്തിനുള്ള ബൃഹദ് പരിപാടിയാണ് നടപ്പാക്കുന്നത്.

പരിസ്ഥിതിയെ

ആദരിക്കാം

2050-ൽ സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള 'നെറ്റ് സീറോ കാർബൺ കേരളം" എന്ന അവസ്ഥ കൈവരിക്കുന്നതിൽ പച്ചത്തുരുത്തുകൾക്ക് പ്രധാന പങ്കു വഹിക്കാനാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി, സാമൂഹ്യ വനവത്കരണ വകുപ്പ്, കൃഷി വകുപ്പ്, ഔഷധസസ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ഫോറസ്ട്രി കോളേജ് തുടങ്ങിയവയും 'പച്ചത്തുരുത്ത്" വ്യാപനപരിപാടികളിൽ പങ്കാളികളാവുകയാണ്. പ്രകൃതി ദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയല്ല,​ പ്രകൃതി വിഭവങ്ങളെ വിവേകപൂർവം ഉപയോഗിച്ചും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചും പരിസ്ഥിതി നാശത്തിനെതിരെ ക്രിയാത്മകമായ സമീപനവും പ്രവർത്തനങ്ങളും സ്വീകരിക്കുകയെന്ന ചുമതലയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

കാലാവസ്ഥാ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ സ്വായത്തമാക്കുകയും നാട്ടറിവും സാങ്കേതിക ജ്ഞാനവും പ്രയോജനപ്പെടുത്തുകയും ചെയ്ത് ജലവും മണ്ണും അടക്കം പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. . കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടാൻ കഴിയുന്ന തരത്തിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ബോദ്ധ്യപ്പെടുത്തി ജനങ്ങളെ സജ്ജരാക്കണം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ശക്തമാക്കിയും പരിസ്ഥിതിയെ അറിഞ്ഞും ആദരിച്ചുമുള്ള ജീവിതശൈലി രൂപപ്പെടുത്തിയും നടപ്പാക്കേണ്ട വികസനമാണ് കേരളത്തിന് ആവശ്യം. അത് മനുഷ്യവംശത്തെ നിലനിറുത്തുന്നതിനു വേണ്ടുന്ന അനിവാര്യമായ കരുതലാണ്. നാടിനെ പുനർനിർമ്മിക്കാനുള്ള മഹായജ്ഞത്തിലൂടെ ഹരിതാഭമായ നവകേരളത്തിലേക്ക് മുന്നേറാം.

Advertisement
Advertisement