എം.ഡി.എം.എ പിടികൂടിയ സംഭവം; കൂട്ടുപ്രതിയേയും പിടികൂടി

Tuesday 04 June 2024 1:38 AM IST

മീനങ്ങാടി: എം.ഡി.എംഎയുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ മണിക്കൂറുകൾക്കകം കൂട്ടുപ്രതിയേയും പിടികൂടി. കോഴിക്കോട് പൂളക്കൂൽ പള്ളിയത്ത് നൊച്ചാട്ട് വീട്ടിൽ എൻ.എ ഉബൈദ് (29)നെയാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ കണ്ണൂർ കാടാച്ചിറ വാഴയിൽ വീട്ടിൽ കെ.വി. സുഹൈറി (24) ൽ നിന്ന് 113.57 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിലാണ് മറ്റൊരു അറസ്റ്റ്. ഉബൈദിന് കൈമാറാനാണ് സുഹൈർ എം.ഡി.എം.എ കടത്തിയത്. ഇയാൾ കോഴിക്കോട് ജില്ലയിലെ ലോക്കൽ വിതരണക്കാരനാണ്. സുഹൈറിനെ പിടികൂടിയയുടൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ലഹരി കടത്തുകാരൻ ആണെന്നും ഉബൈദിന് കൈമാറാനാണ് ലഹരി കടത്തുന്നതെന്നും മനസിലായത്. തുടർന്ന് സുഹൈറിന്റെ ഫോൺ നിരീക്ഷിച്ചും സുഹൈറിനെ ഒപ്പം കൂട്ടിയുമുള്ള പൊലീസിന്റെ ആസൂത്രണത്തിലാണ് ഉബൈദിനെ വലയിലാക്കുന്നത്. പേരാമ്പ്രയിൽ നിന്നാണ് ഉബൈദിനെ വലയിലാക്കുന്നതും കസ്റ്റഡിയിലെടുത്തതും. പൊലീസിന്റെ കെണിയിൽ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്ന്‌കോഴിക്കോട്ടേക്ക്‌ പോകൂകയായിരുന്ന തമിഴ്നാട്‌കോൺട്രാക്ട് കാരിയർ ബസ് മീനങ്ങാടി വെച്ച് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയപ്പോഴാണ് സുഹൈറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കി അരയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. എസ്.ഐമാരായ വിനോദ്കുമാർ, കെ.ടി. മാത്യു, സി.പി.ഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ്‌പോലീസ് സംഘത്തിലുണ്ടായിരുന്നത്.

എൻ.എ ഉബൈദ്

രേഖകളില്ലാത്ത പണം പിടികൂടി

കൽപ്പറ്റ: സംസ്ഥാന അതിർത്തികളിൽ പൊലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 8,28000 രൂപ പിടികൂടി. ശനിയാഴ്ച നൂൽപുഴ സ്റ്റേഷൻ പരിധിയിലെ പാട്ടവയൽ ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടു വരികയായിരുന്നു പണമാണ് പിടികൂടിയത്. ഈ വാഹനത്തിൽ നിന്ന് ആറ് ലക്ഷം രൂപയും ഞായറാഴ്ച്ച മുത്തങ്ങ പൊലീസ് ഏയ്ഡ്‌പോസ്റ്റിൽ വാഹനപരിശോധനക്കിടെ കാറിൽ നിന്നും രണ്ട് ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയുമാണ് പിടികൂടിയത്. നൂൽപുഴയിൽ പൊലീസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് മാത്യു, ധനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ലിന്റോ, ദിനിൽ ലാൽ എന്നിവരും മുത്തങ്ങ എയ്ഡ്‌പോസ്റ്റിൽ സബ് ഇൻസ്‌പെക്ടർ എം.വി മുകുന്ദന്റെ നേതൃത്വത്തിൽ എ.എസ്.ഐ ലത, സിവിൽ പൊലീസ് ഓഫീസർ മാരായ എം.എം ഭരതൻ, സബിരാജ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement