ആശ്വാസം, അവർക്ക് അക്കരെയെത്താം...

Monday 03 June 2024 6:46 PM IST

ഏന്തയാർ: യാത്രാദുരിതത്തിന്റെ ആഴം പറഞ്ഞാൽ മനസിലാകില്ല. അത് ഏന്തയാറുകാർ അനുഭവിച്ചറിഞ്ഞതാണ്. പൂർണമായി യാത്രാദുരിതം ഒഴിയുന്നില്ലെങ്കിലും ഏന്തയാർ മുക്കുളത്ത് നിർമ്മിച്ച താത്ക്കാലിക പാലം ഒരുനാടിനാകെ ജീവശ്വാസമാകുകയാണ്. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്, പഞ്ചായത്തംഗം പി.വി.വിശ്വനാഥൻ എന്നിവർ ചേർന്ന് നടപ്പാലം നാടിന് സമർപ്പിച്ചു. 2021 ലെ പ്രളയത്തിൽ തകർന്ന ഏന്തയാർ-മുക്കുളം പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചതോടെ മുമ്പ് നിർമ്മിച്ച നടപ്പാലം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ മഴ കനത്തതോടെ പാലം നിർമാണം പ്രതിസന്ധിയിലായി. തുടർന്നാണ് നാട്ടുകാർ ചേർന്ന് വീണ്ടും നടപ്പാലം നിർമ്മിച്ചത്.

കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൈകോർത്തു, പാലം റെഡി

യാത്രാദുരിതം പരിഹരിക്കാൻ നാട്ടുകാർ കൈകോർത്തതോടെയാണ് വീണ്ടും നടപ്പാലം തീർക്കാൻ കഴിഞ്ഞത്. നാട്ടുകാർ തന്നെ പിരിവെടുത്ത് പാലത്തിനായി മുന്നോട്ടുവരികയായിരുന്നു. സ്വകാര്യവ്യക്തി നിർമ്മാണത്തിനെതിരെ രംഗത്തുവന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് പാലം പൂർത്തിയാക്കിയത്.

Advertisement
Advertisement