ടോപ് ഗിയറിൽ ടർബോ, ആഗോളതലത്തിൽ 70 കോടിയിൽ

Tuesday 04 June 2024 6:02 AM IST

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ 13 ദിവസം കൊണ്ട് ആഗോളതലത്തിൽ 70 കോടി വാരി. ഞായറാഴ്ച കേരളത്തിൽനിന്ന് 2 കോടി സ്വന്തമാക്കിയ ചിത്രം ആദ്യ ദിവസം മാത്രം ആറു കോടിയാണ് വാരിയത്. കേരളത്തിൽ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും ഗൾഫിലും വിദേശരാജ്യങ്ങളിലും ബോക്സ് ഒാഫീസിൽ വൻ കുതിപ്പാണ് ടർബോ നടത്തുന്നത്. മമ്മൂട്ടിയുടെ അടിയിൽ പതറുകയാണ് ഗൾഫ് രാജ്യങ്ങൾ. ഈ വർഷം കേരളത്തിൽനിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ആണ് ഒന്നാമത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി രണ്ടാമതും പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടി രൂപ നേടി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കർണാടകയിൽനിന്ന് ആദ്യ എട്ടു ദിനങ്ങളിൽ 2.25 കോടിയാണ് കളക്ഷൻ. തമിഴ് നാട്ടിൽ നിന്ന് ഒരു കോടിയും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 85 ലക്ഷം രൂപയുമാണ് നേടിയത്. മേയ് 23ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതര സംസ്ഥാനങ്ങളിൽ 364 സ്ക്രീനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. പ്രതിനായകനായി എത്തിയ കന്നട താരം രാജ് . ബി ഷെട്ടി, തെലുങ്ക് താരം സുനിൽ, ബോളിവുഡ് - തെലുങ്ക് നടൻ കബീർ ദുഹാൻ സിംഗ് എന്നിവരും ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. മിഥുൻ മാനുവൽ തോമസ് ആണ് രചന. വിഷ് ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻപറിവ് സഹോ‌ദരന്മാർ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഞ്ജന ജയപ്രകാശ് , ദിലീഷ് പോത്തൻ, കോ

ട്ടയം രമേശ്, ബിന്ദു പണിക്കർ, ജോണി ആന്റണി, ശബരീഷ് വർമ്മ ,നിഷാന്ത് സാഗർ, നിരഞ്ജന അനൂപ് തുടങ്ങിവയവരാണ് മറ്റ് താരങ്ങൾ. ഡിസ്ട്രിബ്യൂഷൻ വെഫേറർ ഫിലിംസും ഒാവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ളോബൽ ഫിലിംസുമാണ്.

Advertisement
Advertisement