ഉടനീളമുണ്ടാകട്ടെ,​ ഈ ഉത്സവച്ഛായ

Tuesday 04 June 2024 12:10 AM IST

ഉണ‌ർവിന്റെ ഉത്സവകാലങ്ങളാണ് ഓരോ അദ്ധ്യയന വർഷാരംഭവും. ആ ഉത്സവത്തിമിർപ്പിന്റെ പൂമുഖത്തേക്ക് ഇന്നലെ പിഞ്ചുകാൽവച്ചു കയറിയത് രണ്ടരലക്ഷത്തോളം ഒന്നാംക്ളാസുകാരാണ്. പഠനം തുടരുന്ന ഹയർ സെക്കൻഡറി തലം വരെയുള്ളവരുടെ കണക്കെടുത്താൽ ആകെ നാല്പതു ലക്ഷത്തോളം വിദ്യാർത്ഥികൾ. ഇങ്ങനെ ഉത്സവച്ഛായയിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷം പിന്നീട് പല കാരണങ്ങൾകൊണ്ട് കുട്ടികൾക്കും അദ്ധ്യാപക‌ർക്കും മഹാഭാരവും,​ രക്ഷിതാക്കൾക്ക് മഹാ മനസ്സമാധാനക്കേടും ആയിത്തീരാറുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാര സൂചികയിൽ പലപ്പോഴും അതൊരു നാണക്കേടിന്റെ മഷിയടയാളമായിത്തീരാറുമുണ്ട്! പരീക്ഷകളിലെ വിജയശതമാനം വർഷന്തോറും കൂടിക്കൂടി വരികയും,​ മത്സരപ്പരീക്ഷകളിൽ വിജയിച്ചുകയറാനുള്ള ശേഷി കുട്ടികൾക്ക് കുറഞ്ഞുവരികയും ചെയ്യുന്ന വിചിത്ര പ്രതിഭാസമാണ് അത്.

ഈ അദ്ധ്യയന വർഷം മുതൽ അതിനൊരു മാറ്റം വേണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഓരോ വിഷയത്തിനു മിനിമം മാർക്ക് നിർബന്ധമാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഭരണപക്ഷക്കാരായ അദ്ധ്യാപകസംഘടനയും വിദ്യാർത്ഥി സംഘടനയുമൊക്കെ ഇതിനെതിരെ ചില മുട്ടാപ്പോക്ക് ന്യായങ്ങൾ ഉന്നയിച്ചെങ്കിലും,​ തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്. ആ നിലപാടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയുമുണ്ട്. പത്താംക്ളാസ് ജയിക്കുന്നവരിൽ,​ സ്വന്തം പേരു പോലും മാതൃഭാഷയിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയാത്ത വിദ്വാന്മാരും ഉണ്ടെന്ന പരമയാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് മിനിമം മാർക്ക് നിബന്ധന പുന:സ്ഥാപിക്കാനുള്ള തീരുമാനം. അതിന്റെ ഉദ്ദേശ്യശുദ്ധിയും,​ മാറിയ കാലത്തെ അനിവാര്യതയും വിദ്യാർത്ഥികളും രക്ഷിതാക്കളും തിരിച്ചറിയുമെന്നു കരുതാം.

സ്കൂൾ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന വിഷയങ്ങൾ,​ രാഷ്ട്രീയത്തിന്റെ അതിപ്രസരം മുതൽ കുട്ടികളിൽ വ്യാപകമാകുന്ന ലഹരിമരുന്ന് ഉപയോഗം വരെ പലതുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റകൃത്യങ്ങളുടെയും,​ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കുറ്റങ്ങളുടെയും ഗ്രാഫ് ഉയരുന്നതായാണ് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. ഓരോ ദിവസവും മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകളും ഇത് ശരിവയ്ക്കുന്നതാണ്. കുടുംബാന്തരീക്ഷം മുതൽ അദ്ധ്യാപകരുടെ ജാഗ്രതക്കുറവു വരെ ഇതിനു കാരണമാകും. പണ്ടത്തേതിനെ അപേക്ഷിച്ച്,​ പഠനഭാരംകൊണ്ടും മത്സരവാസന അടിച്ചേല്പിക്കപ്പെടുന്നതുകൊണ്ടും അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് നമ്മുടെ കുഞ്ഞുങ്ങൾ. അദ്ധ്യയന വർഷത്തുടക്കത്തിലെ ഉത്സവമേളം പതിയെപ്പതിയെ ഉള്ളുലയ്ക്കുന്ന പെരുമ്പറ മുഴക്കമാകുന്നത് ഇങ്ങനെയൊക്കെയാണ്.

തങ്ങൾക്കായി മത്സരിക്കാൻ കളത്തിലേക്ക് ഇറക്കിവിടേണ്ടവരല്ല സ്വന്തം കുഞ്ഞുങ്ങളെന്ന് ഓരോ അമ്മയും അച്ഛനും ആദ്യം മനസിലാക്കണം. ഓരോ കുഞ്ഞിനും ഒരു വ്യക്തിത്വമുണ്ട്,​ വാസനകളുണ്ട്,​ സ്വന്തം സ്വപ്നങ്ങളുണ്ട്. അവൾക്കും അവനും വ്യക്തിയെന്ന നിലയിലെ ആത്മാഭിമാനവുമുണ്ട്. അതിന് മുറിവേല്പിച്ചുകൊണ്ടാകരുത്,​ നമ്മുടെ ഇടപെടലുകൾ. ക്ളാസ് മുറികളിലുള്ളത് സ്വന്തം കുഞ്ഞുങ്ങളാണെന്ന വിചാരം അദ്ധ്യാപകർക്കും വേണം. ഓരോ കുഞ്ഞിന്റെയും ഭൗതിക,​ മാനസിക സാഹചര്യം തിരിച്ചറിഞ്ഞുള്ള അദ്ധ്യയനമാണ് വേണ്ടത്. ഈ കുഞ്ഞുങ്ങളാണ് നാളെ നമ്മുടെ അഭിമാനമുയർത്തേണ്ടവരെന്നും,​ അവരുടെ മനസിലും മസ്തിഷ്കത്തിലുമാണ് നാടിന്റെ വരുംകാലം മുളച്ചുപടരുന്നതെന്നും സർക്കാരിനും പൊതുസമൂഹത്തിനും ഓർമ്മ വേണം. അവരുടെ കാര്യത്തിൽ ആദ്യമുണ്ടാകേണ്ടത് ആ ജാഗ്രതയും കരുതലുമാകട്ടെ.

Advertisement
Advertisement