പ്രവേശനോത്സവം 'കളറാക്കി' നഗരത്തിലെ സ്കൂളുകൾ

Tuesday 04 June 2024 7:50 AM IST

തിരുവനന്തപുരം: നവാഗതരെ വരവേൽക്കാൻ ചുവരുകൾ വർണാഭമാക്കിയും വർണത്തോരണങ്ങളാൽ ക്ളാസ് മുറികൾ അലങ്കരിച്ചും വർണത്തൊപ്പി വിതരണം ചെയ്തും നഗരത്തിലെ സ്കൂളുകളിൽ പ്രവേശനോത്സവം കളറാക്കി. മഴ മാറിനിന്നതിനാൽ പ്രസന്നമായ അന്തരീക്ഷത്തിലാണ് കുട്ടികൾ സ്കൂളിലെത്തിയത്.

ക്രൈസ്റ്ര് നഗർ സ്കൂളിലെ പ്രവേശനോത്സവം ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ ഉദ്‌ഘാടനം ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

കരമന ഗേൾസ് ഹയർ സെക്കൻ‌ഡറി സ്കൂളിലെ പ്രവേശനോത്സവം തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,​പ്ലസ്ടു വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു.

വള്ളക്കടവ് മുസ്ലിം ജമാഅത്തിനു കീഴിലെ വള്ളക്കടവ് എൽ.പി.എസ്,​വി.എം.ജെ യു.പി.എസ്,​ഹാജി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പ്രവേശനോത്സവം സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്‌ടർ ഡോ.നീതു സോണ ഉദ്ഘാടനം ചെയ്തു.

പാഠ്യചിത്രങ്ങളുമായി

കോട്ടൺഹിൽ എൽ.പി എസ്

കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരെ വരവേറ്റത് പാഠത്തിലെ ചിത്രങ്ങൾ നിറഞ്ഞ ചുവരുകൾ. ആനയും മയിലും മാനും ഉൾപ്പെടെ മൃഗങ്ങളുടെ വലിയ ചിത്രങ്ങൾ നിറഞ്ഞതായിരുന്നു ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും.

ഒരു മാസത്തിലധികം സമയമെടുത്ത് പ്രൊഫഷണൽ ചിത്രകാരനാണ് ചിത്രങ്ങളൊരുക്കിയത്. പാഠഭാഗങ്ങൾ കുട്ടികൾക്ക് വളരെവേഗം മനസിലാക്കാൻ സഹായിക്കുന്നതാണ് ഈ ആശയമെന്ന് ഹെഡ്മാസ്റ്റർ ടി.എ.ജേക്കബ് പറഞ്ഞു.സ്‌കൂളിന്റെ വികസനഫണ്ട് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരപ്പിച്ചത്. ഒപ്പം സ്‌കൂളിലെ ബെഞ്ചുകളും ഡെസ്കുകളും പെയിന്റടിച്ച് ആകർഷകമാക്കി.

Advertisement
Advertisement