വിദ്യാ‌ർത്ഥികളാരുമില്ലാതെ മേത്തോട്ടം ട്രൈബൽ സ്കൂൾ

Tuesday 04 June 2024 5:54 AM IST

വിതുര: ഒരു വിദ്യാർത്ഥി പോലുമെത്താതെ മേത്തോട്ടം ഗവൺമെന്റ് ട്രൈബൽ എൽ.പി.എസ്. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറയിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.ഈ വർഷം പുതുതായി ആരും അഡ്മിഷൻ എടുത്തിട്ടില്ല.

കഴിഞ്ഞവർഷം ഒരു വിദ്യാർത്ഥി മാത്രമാണുണ്ടായിരുന്നത്.നാലാം ക്ലാസിൽ പഠിച്ചിരുന്ന സുഖിൽ അഞ്ചാം ക്ലാസിലേക്കായി മറ്റൊരു സ്കൂളിൽ പോയി.ഈ കുട്ടിയെ പഠിപ്പിക്കുന്നതിനായി ഒരദ്ധ്യാപകനും,പി.ടി.സിയും, പാചകം ചെയ്യുന്നതിനായി ഒരാളുമുണ്ടായിരുന്നു.ഇന്നലെ അദ്ധ്യാപകനും,പി.ടി.സിയും സ്കൂളിൽ എത്തിയെങ്കിലും വിദ്യാർത്ഥികളാരും എത്തിയില്ല.

കഴിഞ്ഞ വർഷവും കുട്ടികളാരും എത്തിയിരുന്നില്ല. അന്ന് സ്കൂൾ അടച്ചു പൂട്ടേണ്ട സ്ഥിതിയായപ്പോൾ

ആദിവാസി കോൺഗ്രസ് നേതാവും ചെട്ടിയാംപാറ വാർഡ് മെമ്പറുമായ ബി.പ്രതാപൻ തിരുവനന്തപുരത്തുള്ള ബന്ധുവായ കുട്ടിയെ കൂട്ടികൊണ്ടുവന്ന് ഈ സ്കൂളിൽ അഡ്മിഷനെടുത്തു. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ നിറുത്തി പഠിപ്പിക്കുകയായിരുന്നു.

ഒരാഴ്ചയ്ക്കകം കുട്ടികളാരും എത്തിയില്ലെങ്കിൽ സ്കൂൾ പൂട്ടാനാണ് സാദ്ധ്യത.മേത്തോട്ടം ആദിവാസി മേഖയിൽ കുട്ടികളുണ്ടെങ്കിലും സമീപത്തെ മറ്റ് സ്കൂളുകളിലാണ് പോകുന്നത്.

മേത്തോട്ടം ആദിവാസിമേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി അരനൂറ്റാണ്ടുമുൻപാണ് സർക്കാർ ട്രൈബൽ സ്കൂൾ ആരംഭിച്ചത്.ആദ്യകാലത്തൊക്ക നൂറിൽപരം വിദ്യാർത്ഥികളുണ്ടായിരുന്നു.എന്നാൽ പിന്നീട് സ്കൂളിന് ശനിദശ ആരംഭിച്ചു.ക്രമേണ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.മൂന്ന് വർഷം മുൻപ് വരെ രണ്ട് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.

കുട്ടികളില്ലാത്തതുമൂലം അഞ്ച് വർഷം മുൻ ബോണക്കാട് ഗവൺമെന്റ് യു.പി.എസും പൂട്ടിയിരുന്നു.ബോണക്കാട് സ്കൂൾ തുറക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളായില്ല.

Advertisement
Advertisement