കണ്ണൂരിൽ പ്രതീക്ഷാപൂർവം

Monday 03 June 2024 9:29 PM IST

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ ഉറ്റു നോക്കുന്ന മത്സരമായിരുന്നു ഇക്കുറി കണ്ണൂരിൽ നടന്നത്. അവസാന വട്ട കൂട്ടിക്കിഴിക്കലിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടക്കാനൊരുങ്ങും മുൻപ് സ്ഥാനാർത്ഥികൾ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.


ബി.ജെ.പിയിൽ നിന്നടക്കം വോട്ട് കിട്ടും: കെ.സുധാകരൻ

കണ്ണൂർ: അന്തിമ ഫലത്തെ കുറിച്ച് യാതൊരു സംശയവുമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി. അദ്ധ്യക്ഷനുമായ കെ.സുധാകരൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള കണക്കെടുപ്പ് ഇന്നലെയാണ് പൂർത്തിയായത്. ശക്തികേന്ദ്രങ്ങളായ മലയോര മേഖലയിലടക്കം ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നാണ് കൃത്യമായ കണക്കുകളിൽ നിന്ന് വ്യക്തമായത്. കഴിഞ്ഞ തവണത്തെക്കാൾ ലീഡ് ഇത്തവണ ഉണ്ടാകും. കഴിഞ്ഞ തവണ ബി.ജെ.പിയിൽ നിന്ന് വോട്ടു കിട്ടിയില്ല. ഇന്നലെ വന്ന ആൾ സ്ഥാനാർത്ഥി ആയതിൽ ബി.ജെ.പി. പ്രവർത്തകർക്ക് അമർഷമുണ്ട്. സി പി.എമ്മിൽ നിന്നും വോട്ടും ലഭിക്കും. കൊള്ളക്കാരനായ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തോട് സി പി.എമ്മുകാർക്ക് തന്നെ അമർഷമുണ്ട്.


വിജയം സുനിശ്ചിതം: എം.വി. ജയരാജൻ

കണ്ണൂർ: പ്രതീക്ഷയ്ക്ക് ഒരു ഘട്ടത്തിലും മങ്ങലേറ്റിട്ടില്ല. രാഷ്ട്രീയവും വികസനപരവുമായ കാരണങ്ങളാൽ എൽ.ഡി.എഫ്. വിജയം സുനിശ്ചിതമാണെന്ന് സ്ഥാനർത്ഥി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വ്യക്തമായതിനാൽ ജനങ്ങൾ ഒന്നാകെ എൽ.ഡി.എഫിന് പിന്നിൽ അണിനരക്കുകയായിരുന്നു. എക്സിറ്റ് പോളുകളെ ജനം മുഖവിലക്കെടുക്കില്ല. 2021ലെ നിയമസഭാ തിരഞ്ഞടുപ്പ് കാലത്ത് എക്സിറ്റ് പോളിൽ എന്താണ് പറഞ്ഞതെന്ന് ജനങ്ങൾക്കറിയാം. എക്സിറ്റ് പോൾ ജനഹിതമനുസരിച്ചുള്ള ഒന്നല്ല. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏതാണ്ട് ഒരു ട്രെൻഡ് പ്രകടമാണ്.


വോട്ട് കുത്തനെ ഉയരും: സി. രഘുനാഥ്

കണ്ണൂർ: വോട്ടു വിഹിതത്തിൽ വലിയ വർദ്ധനവ് നേടുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി. സി. രഘുനാഥ്. കെ. സുധാകരന്റേതുൾപ്പെടെ പലരുടെയും രാഷ്ട്രീയ ഭാവി അവസാനിക്കും. വോട്ട് ഷെയർ വർദ്ധിപ്പിക്കാൻ മാതമല്ല മത്സരിച്ചത്. നാളെ നടക്കാൻ പോകുന്ന അട്ടിമറിക്ക് വിത്തുപാകാനാണ്. കണ്ണൂരിൽ 15 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം എൻ.ഡി.എക്ക് നേടാൻ സാധിക്കും. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും എൻ.ഡി.എയിലേക്ക് വോട്ട് ഒഴുകിയിട്ടുണ്ട്.

Advertisement
Advertisement