ചരിത്രവിധി തൊട്ടരി​കിൽ, രാവിലെ  ഒൻപതോടെ  ആദ്യഫലസൂചന,​ വിജയാഹ്ളാദത്തിനൊരുങ്ങി ബി.ജെ.പി

Tuesday 04 June 2024 4:52 AM IST


എ.ഐ.സി.സി ആസ്ഥാനത്തും പന്തലിട്ടു

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിച്ചതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിൽ ഹാട്രിക് ഭരണത്തുടർച്ച നേടുമോയെന്നറിയാൻ മണിക്കൂറുകൾ മാത്രം. മറ്റു കക്ഷികളുടെയും അവയെ നയിക്കുന്ന നേതാക്കളുടെയും രാഷ്ട്രീയഭാവിയെ സംബന്ധിച്ച് നിർണായകമാണ് ഈ ജനവിധി.

എക്‌സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ കോൺഗ്രസും വിജയാഘോഷത്തിനൊരുങ്ങി. എ.ഐ.സി.സി ആസ്ഥാനത്ത് വലിയ പന്തലൊലിട്ടു.

രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾത്തന്നെ രാജ്യം എങ്ങോട്ടെന്ന സൂചന ലഭ്യമാകും. ഉച്ചതിരിഞ്ഞ് ചിത്രം തെളിയും. രാജ്യം ആരുഭരിക്കുമെന്നുറപ്പാകും.

ഫലം അനുകൂലമെങ്കിൽ, ജവഹർലാൽ നെഹ്‌റുവിനുശേഷം തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയാകുന്ന ആദ്യവ്യക്തിയാവും നരേന്ദ്രമോദി.

സർക്കാർ രൂപീകരണ നീക്കങ്ങൾ മോദി തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. ഇന്നലെ മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി പ്രധാനമന്ത്രി ചർച്ചനടത്തി. '3.0" സർക്കാരിന്റെ ഘടന അടക്കം ചർച്ചയായെന്നാണ് സൂചന.

മൂന്നാം വിജയം ഉറപ്പായാൽ പ്രധാനമന്ത്രി മോദി റോഡ് ഷോ ആയിട്ടാകും പാർട്ടി ആസ്ഥാനത്തെത്തുക.

കേരളത്തിൽ രണ്ടു മണിയോടെ

വോട്ടെണ്ണൽ കഴിയും

തിരുവനന്തപുരം: കേരളത്തിൽ രണ്ടുമണിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 20 കേന്ദ്രങ്ങളിലായി സംസ്ഥാനത്ത് രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങൾക്കായി ഉദ്യോഗസ്ഥർ പുലർച്ചെ നാലു മണിക്കുതന്നെ എത്തും. ഏഴരയ്ക്കാണ് സ്ട്രോംഗ് റൂമുകളിൽ നിന്ന് ഇ.വി.എം മെഷീനുകൾ പുറത്തെടുക്കുന്നത്.

ഓരോ നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുത്ത അഞ്ചു ബൂത്തുകളിൽ വിവിപാറ്റ് എണ്ണിയശേഷമേ അന്തിമഫലം പ്രഖ്യാപിക്കുകയുള്ളു.ഇതിന് ഒരുമണിക്കൂർ വേണ്ടിവരും.അതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം വൈകും.

പോസ്റ്റൽ വോട്ടുകളാണ് എട്ടുമണിക്ക് എണ്ണിത്തുടങ്ങുന്നത്. എട്ടരയോടെ ഇ.വി.എം വോട്ടുകളും എണ്ണും. ഇതിനൊപ്പം സൈനികരുടെ പോസ്റ്റൽ ബാലറ്റും എണ്ണും. 14 മുതൽ 20 റൗണ്ടുകൾ വരെയാണ് എണ്ണേണ്ടിവരിക. ഒരു റൗണ്ട് പൂർത്തിയാക്കാൻ 20 മിനിട്ട് വേണ്ടിവരും.

Advertisement
Advertisement