ഫലം പ്രതികൂലമെങ്കിൽ കോൺഗ്രസ് പ്രതിഷേധത്തിന്

Tuesday 04 June 2024 1:12 AM IST

ന്യൂഡൽഹി: വോട്ടെണ്ണൽ ഫലം എക്‌സിറ്റ് പോൾ സർവേകളെ ശരി വയ്‌ക്കുന്നതാണെങ്കിൽ ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ 'ഇന്ത്യ' മുന്നണി നേതാക്കൾ ഡൽഹിയിൽ പ്രതിഷേധിക്കും.

വോട്ടെണ്ണലിന് ശേഷം പ്രതീക്ഷകൾക്കും വിലയിരുത്തലുകൾക്കും അനുസൃതമായി സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെ ചോദ്യം ചെയ്‌ത് പ്രതിഷേധിക്കാനാണ് നീക്കം. ഒപ്പം വാർത്താ സമ്മേളനം, രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച എന്നിവയും ആലോചിക്കുന്നുണ്ട്.ഇതു കണക്കിലെടുത്ത് സഖ്യത്തിലെ എല്ലാ മുതിർന്ന നേതാക്കളോടും നാളെ രാവിലെ വരെ ഡൽഹിയിൽ തങ്ങാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സുതാര്യമെന്ന് കമ്മിഷൻ

അതേസമയം വോട്ടെണ്ണൽ പ്രക്രിയ തികച്ചും സുതാര്യവും ശക്തവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഓരോ ഭാഗവും മുൻകൂട്ടി തീരുമാനിച്ച് ശരിയായ രീതിയിൽ ക്രോഡീകരിച്ചിരിക്കുന്നു. പ്രക്രിയയിൽ ഒരു പിഴവുമുണ്ടാകില്ല. മൈക്രോ ഒബ്സർവർമാർ, ലക്ഷക്കണക്കിന് കൗണ്ടിംഗ് ഏജന്റുമാർ തുടങ്ങി നിരവധി പേർ വോട്ടെണ്ണലിൽ സന്നിഹിതരാണെന്നും കമ്മിഷൻ വിശദീകരിച്ചു.

Advertisement
Advertisement